AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Power sector crisis: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ തടസങ്ങൾ പരിഹരിക്കാനൊരുങ്ങി കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പ്രാദേശികമായി ഏർപ്പെടുത്തിയ ലോഡ്‌ഷെഡിങ് ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വൈദ്യുതി ഉപയോഗമുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Power sector crisis: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ തടസങ്ങൾ പരിഹരിക്കാനൊരുങ്ങി കെഎസ്ഇബി
control room to solve the Power sector crisis
neethu-vijayan
Neethu Vijayan | Published: 05 May 2024 13:03 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലുണ്ടാകുന്ന തടസങ്ങൾ പരിഹരിക്കാനും സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം കൺട്രോൾ റൂം സംവിധാനം ഏർപ്പെടുത്തിയതായി കെഎസ്ഇബി. ഫീഡറുകളിലെ ഓവർലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ കൺട്രോൾ റൂം ഏകോപിപ്പിക്കും.

കൂടാതെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരവും കൺട്രോൾ റൂം നിരീക്ഷിക്കും. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി സർചാർജ് ഒമ്പതിൽ നിന്ന് 19 പൈസയാക്കി ഉയർത്തിയിരുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രാദേശിക നിയമന്ത്രണം തുടരുന്നതിനിടെയാണ് സർചാർജ് വർധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. നേരത്തെയുള്ള ഒമ്പത് പൈസയ്ക്ക് പുറമേ 10 പൈസകൂടി സർചാർജായി ഈടാക്കും. മെയിലെ ബില്ലിൽ ഈ തുകയായിരിക്കും രേഖപ്പെടുത്തുക. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുകയെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.

അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പ്രാദേശികമായി ഏർപ്പെടുത്തിയ ലോഡ്‌ഷെഡിങ് ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടുതൽ വൈദ്യുതി ഉപയോഗമുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പീക്ക് സമയത്ത് ആവശ്യമായ ഇടങ്ങളിൽ നിയന്ത്രണം കൊണ്ടുവരാം എന്നായിരുന്നു ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർക്ക് നിർദേശം ലഭിച്ചിരുന്നത്.

115.9585 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്. പീക്ക് സമയത്ത് ഏർപ്പെടുത്തിയ ലോഡ്‌ഷെഡിങ് കാരണം 5635 മെഗാ വാൾട്ട് വൈദ്യുതിയാണ് ലാഭം. ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം പീക്ക് സമയത്തെ ഉപഭോഗം കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ ലോഡ്‌ഷെഡിങ് സമയം ദീർഘിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

കെഎസ്ഇബിയുടെ അറിയിപ്പ്:

സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടർന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം പരിഹരിക്കുന്നതിനും സ്ഥിതിഗതികൾ‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും കെഎസ്ഇബി പ്രത്യേകം കൺ‍ട്രോൾ‍ റൂം സംവിധാനം ഏർ‍പ്പെടുത്തി.

ഫീഡറുകളിലെ ഓവർ‍ലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങൾ‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കൺ‍ട്രോൾ‍ റൂം പ്രവർ‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺ‍ട്രോൾ‍ റൂം സംവിധാനം.

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ വിതരണ സംവിധാനം ഒരു പരിധിവരെ പിടിച്ചു നിർത്തുക എന്നത് ലക്ഷ്യമാക്കിയാണ് കൺ‍ട്രോൾ റൂം പ്രവർത്തിക്കുക. പ്രസരണം, വിതരണം, ലോഡ് ഡെസ്പാച്ച് സെന്റർ‍ എന്നീ മേഖലകളിലെ ഉദ്യോഗസ്ഥൻമാരാണ് കൺ‍ട്രോൾ റൂമിലുള്ളത്.

അവശ്യസന്ദർ‍ഭങ്ങളിൽ‍ തൽസമയം വേണ്ട തീരുമാനമെടുക്കുവാൻ‍ കൺ‍ട്രോൾ‍ റൂമിന് സാധിക്കുന്നതാണ്. വിവിധ പ്രേദേശങ്ങൾ‍ വൈദ്യുതിയുടെ ലോഡ് മാനേജ്മെന്റ് നടത്തുന്നതിനും ഓരോ ദിവസത്തെ ലോഡ് വിലയിരുത്തുന്നതിനും കൺ‍ട്രോൾ‍ റൂമിന് സാധിക്കും. അനിതര സാധാരണമായ ഇപ്പോഴത്തെ സ്ഥിതിഗതികൾ‍ നിയന്ത്രണാധീനമാകുന്നതുവരെ കൺ‍ട്രോൾ‍ റൂം സംവിധാനം തുടരുന്നതായിരിക്കും.