Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി
Actress attack case verdict leaked: ഡിസംബർ എട്ടിനാണ് കേസിലെ വിധി വന്നത്. നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയെ കുറിച്ച് ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ ഡിജിപിക്ക് പരാതി. വിധിയുടെ വിശദാംശങ്ങൾ ചോർന്ന് ഊമക്കത്തായി പ്രചരിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബൈജു പൗലോസാണ് പരാതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഡിസംബർ എട്ടിനാണ് കേസിലെ വിധി വന്നത്. നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. എന്നാൽ വിധി വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വിധിയുടെ വിശദാംശങ്ങൾ ഊമക്കത്തായി ചോർന്നെന്നാണ് ആരോപണം.
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കടക്കം ഇത്തരത്തിൽ ഈമക്കത്ത് ലഭിച്ചിരുന്നതായി അസോസിയേഷൻ പ്രസിഡന്റ് സ്ഥിരീകരിച്ചിരുന്നു. ദിലീപടക്കം നാല് പേരെ വെറുതെ വിടുമെന്നും ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളായിരിക്കും കുറ്റക്കാരാവുകയെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്.
ALSO READ: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
കേസിൽ പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.