Crime News: ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരി; 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്ത് യുവാവ്; പ്രതി പിടിയിൽ
Youth Damages 50 Transformer Fuses: ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.അമ്പതിലേറെ ട്രാൻസ്ഫോമറുകളുടെ 200ൽ ഏറെ ഫ്യൂസുകളാണ് ഇയാൾ തകർത്തത് എന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
കാസർകോട്: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്ത് യുവാവ്. ഇതോടെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്കളാണ് രണ്ട് മണിക്കൂർ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചത്. സംഭവത്തിൽ കുഡ്‍ലു ചൂരി കാള്യയങ്കോട്ടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 22000 രൂപയായിരുന്നു യുവാവിന് വൈദ്യുതി ബിലായി വന്നത്. ഇത് അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. എന്നാൽ അടയ്ക്കാത്തതിനെ തുടർന്ന് തൊട്ടടുത്ത ദിവസം നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് വിളിച്ചു. ഇത് കഴിഞ്ഞ് അൽപ്പസമയത്തിനകം വധഭീഷണിമുഴക്കി വൈദ്യുതി സെക‍്ഷൻ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു. ഇന്നലെ രാവിലെയോടെ ജീവനക്കാർ യുവാവിന്റെ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണിൽനിന്നുള്ള കണക്‌ഷൻ വിഛേദിച്ചു.
Also Read:ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും! സംസ്ഥാനത്ത് കടലക്രമണത്തിനും സാധ്യത
പിന്നാലെ ഇന്നലെ വൈകിട്ട് ഒരു കുട്ടിയുമായെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോൾ ബഹളം വച്ച് ഇറങ്ങിപ്പോയയതായും ജീവനക്കാർ പറയുന്നു. ഇതിനു ശേഷം വൈദ്യുതി മുടങ്ങിയെന്ന് പറഞ്ഞു കൊണ്ട് പലയിടങ്ങളിൽ നിന്ന് കോൾ വന്നതായി ജീവനക്കാർ പറയുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്ഫോമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.അമ്പതിലേറെ ട്രാൻസ്ഫോമറുകളുടെ 200ൽ ഏറെ ഫ്യൂസുകളാണ് ഇയാൾ തകർത്തത് എന്നാണ് വിവരം. സംഭവത്തിൽ ടൗൺ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.