KSRTC 61St Birthday: 61 വർഷമായെന്നേ ഇങ്ങനെ ഓടുന്നു… കെഎസ്ആർടിസിയ്ക്ക് പിറന്നാൾ വാഴ്ത്തുകൾ
Ksrtc Celebrates 61st Birthday : കഴിഞ്ഞ കുറച്ചു കാലയളവിനുള്ളിൽ കെഎസ്ആർടിസി ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം നാല് ലക്ഷത്തിന്റെ വർദ്ധനവുണ്ടായി. വിവിധ പദ്ധതികളിലൂടെ വരുമാനത്തിൽ രണ്ടരക്കോടി രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. കൃത്യസമയത്തുള്ള ശമ്പള വിതരണം, ഇൻഷുറൻസ് പദ്ധതികൾ, ഡിഎ ആനുകൂല്യങ്ങൾ എന്നിവ നടപ്പിലാക്കാൻ സാധിച്ചു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

Ksrtc (3)
തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത മേഖലയിലെ കരുത്തായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുന്നു. സ്നേഹ സഞ്ചാരത്തിന്റെ 61 വർഷങ്ങൾ എന്ന തലക്കെട്ടോടെയാണ് കെഎസ്ആർടിസി ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. 1965 ഏപ്രിൽ ഒന്നിനാണ് കെഎസ്ആർടിസി ഒരു സ്വതന്ത്ര കോർപ്പറേഷനായി രൂപീകൃതമായത്.
കേവലം ഒരു ഗതാഗത സേവനം എന്നതിലുപരി, കേരളത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വികാരമായാണ് കെഎസ്ആർടിസി നിലകൊള്ളുന്നതെന്ന് അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി തങ്ങളെ വിശ്വസിച്ച യാത്രക്കാരെയും അടിയുറച്ചുനിന്ന ജീവനക്കാരെയും ഈ വേളയിൽ സ്മരിക്കുന്നതായും കൂടുതൽ പ്രതിബദ്ധതയോടെ യാത്ര തുടരുമെന്നും കോർപ്പറേഷൻ ഉറപ്പുനൽകി.
നേട്ടങ്ങളുടെ പാതയിൽ
കഴിഞ്ഞ കുറച്ചു കാലയളവിനുള്ളിൽ കെഎസ്ആർടിസി ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം നാല് ലക്ഷത്തിന്റെ വർദ്ധനവുണ്ടായി. വിവിധ പദ്ധതികളിലൂടെ വരുമാനത്തിൽ രണ്ടരക്കോടി രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. കൃത്യസമയത്തുള്ള ശമ്പള വിതരണം, ഇൻഷുറൻസ് പദ്ധതികൾ, ഡിഎ ആനുകൂല്യങ്ങൾ എന്നിവ നടപ്പിലാക്കാൻ സാധിച്ചു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
ബജറ്റ് ടൂറിസവും ജനപ്രിയ പദ്ധതികളും
കെഎസ്ആർടിസിക്ക് പുത്തൻ ഉണർവ് നൽകിയ ബജറ്റ് ടൂറിസം പദ്ധതികൾ വൻ ഹിറ്റായി തുടരുകയാണ്. കേരളത്തിനകത്തും അയൽസംസ്ഥാനങ്ങളിലേക്കും കുറഞ്ഞ ചിലവിൽ യാത്രകൾ ഒരുക്കുന്നു. കൂടാതെ, ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രാമവണ്ടി, യാത്രക്കാർക്കായി എസി വിശ്രമമുറികൾ, കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം തുടങ്ങിയവയും ലഭ്യമാക്കി. അർബുദ രോഗികൾക്കും അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും നൽകുന്ന സൗജന്യയാത്ര കെഎസ്ആർടിസിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്.