KSRTC New rule: മിന്നലിനു മുന്നിൽ സൂപ്പർഫാസ്റ്റ് കേറരുത്… ഫാസ്റ്റിന് പിന്നാലെ മതി ഓർഡിനറി, പുതിയ ചട്ടവുമായി കെഎസ്ആർടിസി
KSRTC new rules: സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്നാണ് പുതിയ ഉത്തരവിൽ നിർദേശിക്കുന്നത്.
തിരുവനന്തപുരം: ഉയർന്ന ചാർജ്ജ് നൽകി മിന്നലിനും മറ്റും കയറി ഇരിക്കുമ്പോൾ പിന്നിൽ നിന്ന് ഹോണടിച്ച് സൂപ്പർഫാസ്റ്റ് കയറി പോകുന്നത് പലപ്പോഴുമുള്ള കാഴ്ചയാണ്. ഒരേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ ഇത് സംഭവിക്കാതിരിക്കാൻ പുതിയ ചട്ടവുമായി എത്തിയിരിക്കുകയാണ് കോർപറേഷൻ.
മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഇപ്പോൾ. ഹോൺ മുഴക്കുന്ന വിഷയത്തിലും ഉണ്ട് നിർദ്ദേശം.
സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്നാണ് പുതിയ ഉത്തരവിൽ നിർദേശിക്കുന്നത്. ഡ്രൈവർമാർക്കും മാത്രമല്ല കണ്ടക്ടർമാർക്കുമാണ് ഇക്കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശം നൽകിയിട്ടുള്ളത് എന്നാണ് വിവരം. അതിവേഗം സുരക്ഷിതമായി എത്തുന്നതിനാണ് കൂടുതൽ ടിക്കറ്റ് നിരക്കിൽ വണ്ടി ഓടിക്കുന്നത്.
ഇതിനു തന്നെയാണ് ഉയർന്ന തുകയ്ക്ക് ടിക്കറ്റ് എടുത്ത് യാത്രക്കാർ ചില ബസുകളിൽ കയറുന്നത്. ഈ വിവരം ജീവനക്കാർ മറക്കരുതെന്നും ഉത്തരവിൽ പറയുന്നു. അതുകൊണ്ടു തന്നെ റോഡിൽ, അനാവശ്യ മത്സരം വേണ്ടെന്നും കെഎസ്ആർടിസി എം ഡി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയം കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിനൊപ്പം എത്തിയിട്ടുണ്ട്.
താഴ്ന്ന ശ്രേണിയിൽപ്പെട്ട ബസുകൾ മിന്നൽ അടക്കമുള്ള ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകൾക്ക് സൈഡ് നൽകാത്തതും വിഷയമാണ്. ഇവർ മത്സരിച്ച് മറികടക്കുന്നത് സംബന്ധിച്ചുള്ള ധാരാളം പരാതികൾ ലഭിച്ചതും ഉത്തരവിനു കാരണമാണ്. പരാതി വ്യാപകമായതോടെയാണ് കർശന നിർദേശവുമായി കെഎസ്ആർടിസി മാനേജ്മെന്റ് രംഗത്തെത്തിയത്.