കറി ഉണ്ടാക്കിയില്ല; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
Malappuram Crime News : തർക്കത്തിനൊടുവിലാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. വണ്ടൂർ സ്വദേശിനി ഫസീലയാണ് കൊല്ലപ്പെട്ടത്. പ്രതി റഷീദ് സ്ഥിരമായ മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം പ്രശ്നങ്ങളും വഴക്കുകളും ഉണ്ടാറുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇന്ന് ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Representational Image
മലപ്പുറം : വണ്ടൂർ കാപ്പിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഉച്ചയ്ക്ക് ചോറിന് കറി ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകം. കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഷീദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
ജോലിക്ക് പോയി തിരികെ വീട്ടിൽ ഉച്ചയ്ക്ക് റഷീദ് എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ ചോറിനൊപ്പം കറി ഉണ്ടായിരുന്നില്ല. കറി ഉണ്ടാക്കത്തിനെ ചൊല്ലി റഷീദും ഫസീലയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് റഷീദ് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ ഫസീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഷീദ് സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം സൃഷ്ടിക്കുന്ന ആളാണെന്നാണ് അയൽവാസികൾ പറയുന്നത്. കസ്റ്റഡിയിൽ എടുത്ത റഷീദിനെതിരെ കേസ് രജിസ്റ്റർ മറ്റ് നടപടികൾ പോലീസ് ആരംഭിച്ചു.
ദോശ കിട്ടാൻ വൈകിയതിന് തല്ല്
ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലം ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് ചായക്കട അടിച്ചുതകർത്തത്. ചക്കുവള്ളി– പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിലായിരുന്നു സംഭവം.
ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായി. പിന്നാലെ ആക്രമണം നടന്നെന്നുമാണ് പരാതി. കടയുടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരയും മറ്റും അടിച്ചു തകർത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷവും ഉടലെടുത്തു.
പോലീസുമായിട്ടുള്ള സംഘർഷത്തിനിടെ പ്രതികളിൽ ഒരാളായ അജി മറിഞ്ഞ് വീണ് തലയ്ക്ക് പരുക്കേറ്റു. ഇയാളെ പ്രദേശവാസികൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.