കടംകൊടുത്ത് തകർന്നത് എത്രയെത്ര സൗഹൃദങ്ങൾ! ഗൾഫിൽ വച്ച് വാങ്ങിയ കടം 25 വർഷത്തിന് ശേഷം വീട്ടി മലയാളി
Man from Kerala came to Telangana to repay 25-year-old debt: 25 വർഷം മുമ്പ് വാങ്ങിയ ഒരു കടം തിരിച്ചടയ്ക്കാൻ കേരളത്തിൽ നിന്ന് ധർമ്മപുരി വരെ യാത്ര ചെയ്ത ഒരു മലയാളിയുടെ വാർത്ത ഇപ്പോൾ തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്നു. പാലക്കാട് സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ ആണ് ഈ കഥയിലെ നായകൻ. ഗൾഫിൽ ജോലി ചെയ്തിരുന്നപ്പോൾ വാങ്ങിയ കടമാണ് ഇദ്ദേഹം തെലങ്കാനയിലെ സുഹൃത്തിന്റെ വീട്ടിലെത്തി തിരിച്ചുനൽകിയത്.
പാലക്കാട്: പണം കടംകൊടുത്ത് തകർന്ന സൗഹൃദങ്ങളുടെ കണക്കെടുക്കുന്നതിലും എളുപ്പമായിരിക്കും ഒരുപക്ഷേ കടൽത്തീരത്തിരുന്ന് തിരയെണ്ണുന്നത്. കാരണം കടംകൊടുത്ത് ഉറ്റ സുഹൃത്തുക്കളായിരുന്നവർ ബദ്ധ ശത്രുക്കളായി മാറിയ സംഭവങ്ങൾ നിരവധിയാണ്. പണം തിരിച്ചുചോദിച്ച് സൗഹൃദം നഷ്ടപ്പെടുത്താൻ ഇഷ്ടമില്ലാത്തതിനാൽ കിട്ടാനുള്ള പണം വേണ്ടെന്ന് വച്ച കഥകളും നിരവധി പേർക്ക് പറയാനുണ്ടാകും. ആത്മാർഥ സുഹൃത്തുക്കൾ ഒരിക്കലും പരസ്പരം പണമിടപാടുകൾ നടത്താതിരിക്കുന്നതാണ് ഏറ്റവും നല്ലത്. കടംകൊടുത്ത പണത്തിന്റെ പേരിൽ സുഹൃത്തുക്കൾ അടികൂടിയ വാർത്തകൾ നിരവധിയുണ്ട്, എന്നാൽ കടം വാങ്ങിയ പണം വർഷങ്ങൾക്ക് ശേഷമാണെങ്കിലും തേടിപ്പിടിച്ച് തിരിച്ചുനൽകിയ സംഭവങ്ങൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. അത്തരമൊരു അപൂർവ സംഭവം ഇപ്പോൾ തെലങ്കാനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഉടമയെ തേടിപ്പിടിച്ച് പണം തിരിച്ചുനൽകി സത്യസന്ധതയുടെ മുഖമായി മാറിയിരിക്കുന്നത് ഒരു മലയാളിയാണ് എന്നതിനാൽ നമുക്കും അഭിമാനിക്കാൻ വകയുണ്ട്.
25 വർഷത്തെ കടം
25 വർഷം മുമ്പ് വാങ്ങിയ ഒരു കടം തിരിച്ചടയ്ക്കാൻ കേരളത്തിൽ നിന്ന് ധർമ്മപുരി വരെ യാത്ര ചെയ്ത ഒരു മലയാളിയുടെ വാർത്ത ഇപ്പോൾ തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്നു. പാലക്കാട് സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ ആണ് ഈ കഥയിലെ നായകൻ. ഇദ്ദേഹം പണ്ട് ഒരു പ്രവാസിയായിരുന്നു.
Also Read: ഈ നാളുകാർക്ക് മൺസൂൺ ബമ്പറടിക്കും; ടിക്കറ്റൊന്ന് എടുത്തുനോക്കൂ, ഭാഗ്യം വരുന്നത് കാണാം
ഏകദേശം 25 വർഷം മുമ്പ് സൗദി അറേബ്യയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യവേ വ്യക്തിപരമായ ആവശ്യങ്ങൾക്കായി സുഹൃത്തായ എഡ്ല ലച്ചണ്ണയിൽ നിന്ന് കുറച്ച് പണം കടം വാങ്ങി. ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ അത് തിരിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. പക്ഷേ അടിയന്തരമായി പിന്നീട് മുഹമ്മദ് ഇസ്മായിലിന് നാട്ടിലേക്ക് പോകേണ്ടിവന്നു, അതിന് ശേഷം ലച്ചണ്ണയുമായുള്ള കോണ്ടാക്ടും നഷ്ടപ്പെട്ടു.
കാലങ്ങളേറെ കടന്നുപോയിട്ടും താൻ വാങ്ങിയ കടത്തിന്റെ കാര്യം ഇസ്മായിൽ മറന്നില്ല. അടുത്തിടെ, എന്ത് വിലകൊടുത്തും ഏത് വിധേനയും പണം തന്റെ സുഹൃത്തിന് തിരിച്ചുനൽകണം എന്ന് ഇസ്മായിൽ തീരുമാനിച്ചുറപ്പിച്ചു. എന്നാൽ ലച്ചണ്ണയുടെ വിലാസമോ ഫോൺ നമ്പറോ അദ്ദേഹത്തിന്റെ പക്കൽ ഇല്ലായിരുന്നു. ആകെയുള്ള ഒരേയൊരു വിവരം- ലച്ചണ്ണ ധർമ്മപുരി സ്വദേശിയാണ്- എന്നതായിരുന്നു.
ഓൺലൈനിൽ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ഒരു പ്രദേശത്താണ് ലച്ചണ്ണയുടെ വീട് എന്ന് ഏകദേശ ധാരണ കിട്ടി. തുടർന്ന് അവിടെയെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പഴയ സുഹൃത്തിന്റെ വീട് കണ്ടെത്തുന്നതിൽ ഇസ്മയിൽ വിജയിച്ചു. അങ്ങനെ വ്യാഴാഴ്ച ഉച്ചയോടെ ഇസ്മയിൽ ലച്ചണ്ണയുടെ വീട്ടിലെത്തി.
തന്റെ സുഹൃത്ത് ഇപ്പോഴും ഗൾഫിലാണ് എന്ന് അപ്പോഴാണ് ഇസ്മായിൽ അറിയുന്നത്. തുടർന്ന് ലച്ചണ്ണയുടെ കുടുംബാംഗങ്ങളോട് സംസാരിച്ച അദ്ദേഹം തന്നെ പരിചയപ്പെടുത്തുകയും വരവിന്റെ ഉദ്ദേശം അറിയിക്കുകയും ചെയ്തു. അതോടെ വീട്ടുകാർ ഫോണിൽ ലച്ചണ്ണയെ വിളിച്ചുനൽകി. കടത്തെക്കുറിച്ച് മറന്നുപോയിരുന്ന ലച്ചണ്ണ തന്റെ പഴയ സുഹൃത്തിന്റെ ശബ്ദം തിരിച്ചറിയുകയും സ്നേഹസ്മരണകൾ പുതുക്കുകയും ചെയ്തു.
തുടർന്ന്, ഇസ്മായിൽ 25,000 രൂപ ലച്ചണ്ണയുടെ കുടുംബാംഗങ്ങൾക്ക് കൈമാറി. ദീർഘകാലമായുള്ള കടബാധ്യത തന്റെ മനസ്സിൽ ഒരു വേദനയായി നിന്നിരുന്നുവെന്നും പണം തിരിച്ചേൽപ്പിച്ചതിലൂടെ വിഷമം മാറിയെന്നും ഇസ്മായിൽ വികാരാധീനനായി. വർഷങ്ങളേറെ കഴിഞ്ഞിട്ടും സുഹൃത്ത് വാക്ക് പാലിക്കുകയും അത് നൽകാൻ ഇത്രയും വർഷങ്ങൾക്ക് ശേഷം ഇത്രയും ദൂരം യാത്ര ചെയ്യുകയും ചെയ്തതിൽ ലച്ചണ്ണയുടെ കുടുംബവും ഏറെ സന്തോഷം പ്രകടിപ്പിച്ചു.
അത്യാവശ്യമാണ് ഉടനേ തിരിച്ചുതരാം എന്ന് തുടങ്ങി പല പല കാരണങ്ങൾ പറഞ്ഞ് വാങ്ങുന്ന ചെറുതും വലുതുമായ കടങ്ങൾ പോലും തിരിച്ചുനൽകാതെ ആളുകൾ മുങ്ങിനടക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിനിടെ കടം വീട്ടാൻ 25 വർഷത്തിനുശേഷം ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച എത്തിയ മുഹമ്മദ് ഇസ്മായിലിനെ ആ നാട്ടുകാരും അ‌്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അതോടെ സംഭവം വൈറലാകുകയും അവിടുത്തെ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി ഇടംപിടിക്കുകയുമായിരുന്നു.
English Summary
The story of a Malayali who traveled from Kerala to Dharmapuri to repay a loan he had taken 25 years ago is currently being discussed a lot among the people of Telangana. The hero of this story is Muhammed Ismail, a native of Palakkad. He returned the loan he had taken while working in the Gulf to his friend’s house in Telangana.