Cholera Death: ആലപ്പുഴയിൽ കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു
Cholera Death in Kerala: തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത് .
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത് .ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന രഘു കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യാത്ര നടത്തിയിരുന്നു. അതുകൊണ്ട് തന്നെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
തലവടി പഞ്ചായത്തിൽ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടത്തുന്നത്. അതേസമയം രഘുവിന്റെ പരിശോധനഫലം ലഭിക്കാത്തതിനാൽ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഘുവിന്റെ രക്തപരിശോധനയിൽ കോളറ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വിസർജ്യ പരിശോധനാഫലം കൂടി ലഭ്യമായാൽ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കും.
Also Read:സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന്
രഘുവിന് കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളാണ് ഇയാൾ. തലവടി പഞ്ചായത്തിലെ ശുദ്ധജല സ്രോതസ്സുകളിൽ നിന്നു സാംപിൾ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. പഞ്ചായത്തിലെ ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്ടർ സർവേ ആരംഭിച്ചു. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനവും സജീവമാക്കി.
അതേസമയം സംസ്ഥാനത്ത് ഈ വർഷത്തെ രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.