AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Mayor Election: കോര്‍പറേഷനുകളെയും, മുനിസിപ്പാലിറ്റികളെയും ആരു നയിക്കും? ‘സസ്‌പെന്‍സു’കളില്ലാത്ത തിരഞ്ഞെടുപ്പ് ഇന്ന്‌

Kerala Mayor Chairperson Elections: കോര്‍പറേഷനുകളുടെയും, മുനിസിപ്പാലിറ്റികളുടെയും തലപ്പത്ത് ആരെത്തുമെന്ന് ഇന്നറിയാം. മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഇന്ന്

Kerala Mayor Election: കോര്‍പറേഷനുകളെയും, മുനിസിപ്പാലിറ്റികളെയും ആരു നയിക്കും? ‘സസ്‌പെന്‍സു’കളില്ലാത്ത തിരഞ്ഞെടുപ്പ് ഇന്ന്‌
UDF LDF NDAImage Credit source: PTI
Jayadevan AM
Jayadevan AM | Published: 26 Dec 2025 | 07:38 AM

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളുടെയും, മുനിസിപ്പാലിറ്റികളുടെയും തലപ്പത്ത് ആരെത്തുമെന്ന് ഇന്നറിയാം. മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുകള്‍ രാവിലെ 10.30നും, ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും. ജില്ലാ കളക്ടറാണ് കോര്‍പറേഷനുകളിലെ വരണാധികാരി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുനിസിപ്പാലിറ്റികളിലേക്ക് പ്രത്യേകം വരണാധികാരികളെ നിയമിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിയെ ഒരു അംഗം നോമിനേറ്റ് ചെയ്യുകയും, മറ്റൊരാള്‍ പിന്തുണയ്ക്കുകയും വേണം. ഒന്നിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റിലൂടെ നടത്തും. ഒറ്റ സ്ഥാനാര്‍ത്ഥി മാത്രമാണുള്ളതെങ്കില്‍ അയാളെ വിജയിയായി പ്രഖ്യാപിക്കും.

തിരുവനന്തപുരം

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ വിവി രാജേഷാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. 50 കൗണ്‍സിലര്‍മാര്‍ എന്‍ഡിഎയ്ക്കുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ട്. അതുകൊണ്ട് എന്‍ഡിഎ അനായാസ ജയം നേടും. 29 അംഗങ്ങളുള്ള എല്‍ഡിഎഫ് ആര്‍പി ശിവജിയെയും, 19 അംഗങ്ങളുള്ള യുഡിഎഫ് കെഎസ് ശബരിനാഥനെയും മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നു.

കൊല്ലം

കൊല്ലം കോര്‍പറേഷനില്‍ അപ്രതീക്ഷിത വിജയം നേടിയ യുഡിഎഫിന് 27 കൗണ്‍സിലര്‍മാരുണ്ട്. എകെ ഹഫീസാണ് മേയര്‍ സ്ഥാനാര്‍ത്ഥി. ഉദയ സുകുമാരനാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. ഷൈമ, മാജിദ വഹാബ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. എല്‍ഡിഎഫിന് പതിനാറും, എന്‍ഡിഎയ്ക്ക് പന്ത്രണ്ടും കൗണ്‍സിലര്‍മാരുണ്ട്.

Also Read: Thiruvananthapuram Corporation Mayor: തലസ്ഥാനത്ത് കോർപ്പറേഷൻ മേയർ വിവി രാജേഷ്; ച‍ർച്ചകൾക്കൊടുവിൽ തീരുമാനം

കൊച്ചി

കൊച്ചി കോര്‍പറേഷനിലെ മേയര്‍സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദീപ്തി മേരി വര്‍ഗീസ് മേയറാകുമെന്നാണ് കരുതിയതെങ്കിലും അവസാന നിമിഷം സസ്‌പെന്‍സുണ്ടായി. അഡ്വ വി.കെ. മിനിമോള്‍, ഷൈനി മാത്യു എന്നിവര്‍ ടേം വ്യവസ്ഥയില്‍ മേയര്‍മാരാകും. ദീപക് ജോയി, കെവിപി കൃഷ്ണകുമാര്‍ എന്നിവകാണ് ഡെപ്യൂട്ടി മേയര്‍മാരാകുന്നത്. രണ്ടര വര്‍ഷമാണ് ടേം. യുഡിഎഫ്-46, എല്‍ഡിഎഫ്-20, എന്‍ഡിഎ-6, മറ്റുള്ളവര്‍-4 എന്നിങ്ങനെയാണ് കക്ഷിനില.

തൃശൂര്‍

യുഡിഎഫ് മികച്ച വിജയം നേടിയ തൃശൂര്‍ കോര്‍പറേഷനില്‍ ഡോ. നിജി ജസ്റ്റിനാണ് മേയര്‍ സ്ഥാനാര്‍ത്ഥി. എ. പ്രസാദാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

കോഴിക്കോട്‌

എല്‍ഡിഎഫ് ജയിച്ച കോഴിക്കോട് കോര്‍പറേഷനില്‍ ഒ സദാശിവനാണ് മേയര്‍ സ്ഥാനാര്‍ത്ഥി. ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. എസ്‌കെ അബൂബക്കര്‍, ഫാത്തിമ തഹ്ലിയ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ്-35, യുഡിഎഫ്-28, എന്‍ഡിഎ-13 എന്നിങ്ങനെയാണ് കക്ഷിനില.