Viral Video: ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി യന്ത്രങ്ങൾ വരെ; കേരളത്തിന്റെ ഈ ‘ഡ്രൈവർ അമ്മയെ’ അറിയുമോ
Meet Radhamani Amma: ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി അമ്മൂമ്മ പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രായം ആയി എന്ന് പറഞ്ഞ് പല കാര്യങ്ങളിലും പിന്‍തിരിഞ്ഞ് നിൽക്കുന്നവരാണ് നമ്മൾ പലരും. അതിപ്പോൾ പുരുഷനായാലും സ്ത്രീയായാലും ഒരുപോലെയാണ്. എന്നാൽ ഇത്തരക്കാർക്കിടയിൽ പ്രായം വെറും നമ്പർ മാത്രമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന കുറച്ചുപേർ നമ്മുക്ക് ചുറ്റും ഉണ്ട്. അത്തരത്തിലുള്ള ഒരാളാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി യന്ത്രങ്ങൾ വരെയാണ് 74 കാരിയായ രാധാമണിയമ്മയുടെ കൈകളിൽ ഭദ്രമാണ്.
ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി അമ്മൂമ്മ പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ‘ഒരുപക്ഷേ ലോകത്തിലെ എല്ലാ തരം വാഹനങ്ങളും ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ള ഏറ്റവും പ്രായം കൂടിയ വനിത ഇവരായിരിക്കും’ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. വിലകൂടിയ കാറുകൾ ഓടിക്കുന്നതിൻ്റെയും എക്‌സ്‌കവേറ്ററുകൾ, ഫോർക്ക്ലിഫ്റ്റുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ, ബസുകൾ, ട്രാക്ടറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിൻ്റെയും വീഡിയോകൾ അവർ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.
Also Read:കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
പതിറ്റാണ്ടുകൾക്ക് മുൻപാണ് മണിയമ്മയുടെ ഡ്രൈവിങ് ജീവിതം ആരംഭിക്കുന്നത്. 1978-ൽ ഡ്രൈവിങ് സ്കൂൾ ആരംഭിച്ച ഭർത്താവിൻ്റെ പ്രോത്സാഹനത്താലാണ് മണിയമ്മ ഡ്രൈവിങ് പഠിക്കുന്നത്, തുടക്കത്തിൽ അവർ കാറുകളും പിന്നീട്, ക്രെയിനുകൾ, ട്രെയിലറുകൾ തുടങ്ങിയ ഹെവി വാഹനങ്ങളും ഓടിക്കാൻ പഠിച്ചു.
2004-ൽ ഭർത്താവിൻ്റെ മരണശേഷം കുടുംബത്തെ പോറ്റാനായി മണിയമ്മ ഡ്രൈവിങ് സ്കൂളിൻ്റെ ചുമതല ഏറ്റെടുത്തു. പിന്നീട് ഭർത്താവിന്റെ പാരമ്പര്യം തുടരുകയായിരുന്നു. പിന്നാലെ ഇഷ്ടങ്ങൾ പിന്തുടരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് മണിയമ്മ തെളിയിച്ചു. കേരളത്തിലെ റോഡുകളിൽനിന്ന് പിന്നീട് ദുബായിലെ തിരക്കേറിയ നഗരങ്ങളിൽ വരെ മണിയമ്മ വളയം പിടിച്ചു. , മണിയമ്മ തൻ്റെ ഡ്രൈവിങ് കഴിവുകൾ കൊണ്ട് മാത്രമല്ല, ജീവിതത്തോടുള്ള നിർഭയമായ മനോഭാവംകൊണ്ടും ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനമാവുകയാണ്.
View this post on Instagram