Mihir Death: ‘മരണസമയത്ത് അപ്പാർട്ട്മെൻ്റിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തണം’; മാതാവ് മിഹിറിനെ ബെൽറ്റ് കൊണ്ട് അടിക്കുമായിരുന്നു എന്ന് പിതാവ്
Mihir Death Father Accuses His Ex Wife: മിഹിറിൻ്റെ മരണത്തിൽ റാഗിങ് അല്ല കാരണമെന്ന് പിതാവ് ഷഫീഖ് മാടമ്പാട്ട്. റാഗിങ് പരാതി പിആർ സ്റ്റണ്ടാണ്. മിഹിറിൻ്റെ മാതാവ് അവനെ ബെൽറ്റ് കൊണ്ടടക്കം അടിയ്ക്കാറുണ്ടായിരുന്നു എന്നും പിതാവ് ആരോപിക്കുന്നു.

തൃപ്പൂണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹ്മദിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. റാഗിങ് പരാതി പിആർ സ്റ്റണ്ടാണ്. മരണസമയത്ത് അപ്പാർട്ട്മെൻ്റിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തണമെന്നും പിതാവ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 15നാണ് ഇരുമ്പനം സ്വദേശിയായ വിദ്യാർത്ഥി അപ്പാർട്ട്മെൻ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
ജനുവരി 21ന് തന്നെ മിഹിറിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് താൻ പോലീസിൽ പരാതിനൽകിയിരുന്നു എന്ന് പിതാവ് പറയുന്നു. പിന്നീടാണ് മരണത്തിൽ റാഗിങ് അടക്കമുള്ള ആരോപണങ്ങൾ പുറത്തുവന്നത്. സ്കൂളിൽ നിന്ന് അപ്പാർട്ട്മെൻ്റിലെത്തി മരിക്കുന്നത് വരെയുള്ള സമയത്ത് എന്താണ് നടന്നതെന്ന് പോലീസ് കണ്ടെത്തണം. മകൻ മരിച്ച സമയത്ത് മാതാവ് അവിടെയുണ്ടായിരുന്നു എന്ന് സാക്ഷിമൊഴിയുണ്ട്. വീട്ടിൽ മിഹിറിൻ്റെ അവസ്ഥ മോശമായിരുന്നു. അവൻ്റെ അമ്മയും ബന്ധുക്കളും പറഞ്ഞതിൽ വൈരുധ്യമുണ്ട്. ജെംസ് സ്കൂളിൽ നിന്ന് മിഹിറിനെ മാറ്റിയത് താത്പര്യമില്ലാതെയാണ്. സ്കൂളിൽ ഒരു പ്രശ്നവും ഉണ്ടാക്കില്ലായിരുന്നു. റാഗിങ് പരാതി പിആർ സ്റ്റണ്ടിന്റെ ഭാഗമാണ് എന്നും പിതാവ് പറയുന്നു. ഇതോടൊപ്പം മകനുമായുള്ള ചാറ്റിൻ്റെ സ്ക്രീൻഷോട്ടുകളും പിതാവ് പങ്കുവച്ചു. മാതാവ് തന്നെ ബെൽറ്റ് കൊണ്ടടക്കം ഉപദ്രവിക്കുന്നുണ്ടെന്നും തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറയുന്നുണ്ടെന്നും മിഹിർ പറഞ്ഞതായി സ്ക്രീൻഷോട്ടിലുണ്ട്. ഇതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.
Also Read: Greeshma Case: ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഗ്രീഷ്മ
മിഹിറിൻ്റെ ആത്മഹത്യ ആദ്യ ഘട്ടത്തിൽ ചർച്ചയായിരുന്നില്ല. പിന്നീട്, മകൻ അതി ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് മാതാവ് ആരോപിക്കുകയും ഇതിൽ പോലീസിന് പരാതിനൽകുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് മാതാവ് അതിക്രൂരമായ റാഗിങ് വിവരം പങ്കുവച്ചത്. ഇതോടെ സംഭവം വിവാദമായി. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മകൻ പലപ്പോഴായി ക്രൂരമായ റാഗിങ് നേരിട്ടിരുന്നു എന്ന് മാതാവ് ആരോപിച്ചിരുന്നു. സ്കൂൾ ബസിൽ വച്ചും മിഹിറിന് പീഡനം നേരിട്ടു. സ്കൂളിലെ ശുചിമുറിയിലെ ക്ലോസെറ്റിൽ തല മുക്കിയും ഫ്‌ളഷ് ചെയ്തു. ടോയ്‌ലറ്റ് സീറ്റ് നക്കിച്ചു. ഇതിൽ മനംനൊന്താണ് മിഹിർ ജീവനൊടുക്കിയെതെന്ന് മാതാവ് ആരോപിച്ചിരുന്നു. ഇതിനൊപ്പം മിഹിറിനെ റാഗ് ചെയ്ത വിദ്യാർത്ഥികളുടേതെന്ന പേരിലുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടും പുറത്തുവന്നു. മരണശേഷവും മിഹിറിനെ പരിഹസിക്കുന്നതായിരുന്നു ഈ ചാറ്റുകൾ. പിന്നാലെ റാഗിങ് ആരോപണങ്ങൾ നിഷേധിച്ച് സ്കൂൾ രംഗത്തുവന്നു. മിഹിർ സ്ഥിരം കുഴപ്പക്കാരനാണെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ വാദം. ഇതിനിടെയാണ് മാതാവിനെയടക്കം പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളുമായി പിതാവ് രംഗത്തുവന്നിരിക്കുന്നത്.