Milma Ad Controversy : മിൽമയെ കുരുക്കിലാക്കി ‘തൊരപ്പന്‍ കൊച്ചുണ്ണി’; ഷാഫിയെ പരിഹസിച്ചെന്ന് ആരോപണം, പരസ്യം പിൻവലിച്ചു
Milma Ad Sparks Controversy: ഷാഫി പറമ്പിൽ എംപിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്നാണ് മിൽമ ചെയർമാൻ കെ.എസ്.മണി പറയുന്നത്.

Milma Ad Controversy
തിരുവനന്തപുരം: പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത് വിവാദമായിരിക്കെ, ഷാഫിയുടെ മുഖത്തോട് സാമ്യമുള്ള മില്‍മയുടെ പരസ്യം ചര്‍ച്ചയായി. മിൽമ മലബാർ മേഖലാ യൂണിയന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന കാർഡാണ് ചർച്ചയായത്. ഇതിനു പിന്നാലെ കോൺഗ്രസ് അനുഭാവികൾ പ്രതിഷേധച്ച് രംഗത്ത് എത്തി. ഇതോടെ പരസ്യം പിൻവലിച്ചു.
മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളെയാണു പരസ്യത്തിൽ അവതരിപ്പിച്ചത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. ദിലീപ് നായകനായി എത്തിയ ‘സിഐഡി മൂസ’ എന്ന ചിത്രത്തിലെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണു തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന ഡയലോഗ് സിനിമയിൽ ഈ കഥാപാത്രം പറയുന്നുണ്ട്.
എന്നാൽ ചിത്രത്തിന് ഷാഫിയുടെ മുഖത്തിന് സാമ്യം തോന്നിയതാണ് വിവാദത്തിന് കാരണമായത്. ഷാഫി പറമ്പിൽ എംപിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്നാണ് മിൽമ ചെയർമാൻ കെ.എസ്.മണി പറയുന്നത്. മിൽമയുടെ സോഷ്യൽ മീഡിയ ടീമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാൻ മിൽമയ്ക്കു താൽപര്യമില്ല. ഉപഭോക്താക്കളെ ആകർഷിക്കാൻ നല്ല പരസ്യവാചകങ്ങൾ നൽകാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു.
Also Read: ‘ഡാ മോനേ നീയൊന്നു കൂളായിക്കേ’; വിദ്യാർത്ഥി മിൽമയുടെ പരസ്യത്തിൽ; പരാതിയുമായി രക്ഷിതാക്കൾ
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപിയുടെ മാർച്ച് തടയാനൊരുക്കിയ ബാരിക്കേഡിനു മുന്നിൽനിന്ന പോലീസുകാരോട് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിയെ കാരിക്കേച്ചറാക്കി മിൽമ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ നീയൊന്നു കൂളായിക്കേ’ എന്ന വാചകത്തോടെ വിദ്യാർത്ഥിയുടെ കാരിക്കേച്ചർവെച്ചാണ് പരസ്യം. എന്നാൽ പരസ്യത്തിനെതിരെ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇങ്ങനെ ഒരു പരസ്യം ചെയ്തതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഇതിനെതിരെ മിൽമ അധികൃതർക്ക് ഇ-മെയിൽ വഴി പരാതി നൽകിയതിനെ തുടർന്ന് പരസ്യം പിൻവലിച്ചിരുന്നു. .