മിഷൻ ചക്കക്കൊമ്പൻ: അരിക്കൊമ്പനെ പിടിച്ച സംഘത്തിലെ വിക്രം, ഭരത് കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തി
Mission Chakkakomban: ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങ ആനപ്പന്തിയിൽനിന്ന് വനംവകുപ്പിന്റെ വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചിന്നക്കനാലിൽ എത്തിച്ചു. നേരത്തെ അരിക്കൊമ്പൻ ദൗത്യം നടന്നപ്പോൾ എത്തിയ കുങ്കിയാനകളുടെ സംഘത്തിൽ ഉണ്ടായിരുന്നവയാണ് വിക്രമും ഭരത്തും. ചിന്നക്കനാലിൽ എത്തിയ ഈ കുങ്കിയാനകൾക്കായി സിമന്റുപാലത്താണ് താവളം സജ്ജമാക്കിയിരിക്കുന്നത്.
തൊടുപുഴ: അരിക്കൊമ്പൻ ദൗത്യത്തിന് ശേഷം ഇടുക്കിയിലെ മറ്റൊരു കൊമ്പന് കൂടി പൂട്ടിടാൻ വനംവകുപ്പ് ഒരുങ്ങുന്നു. ചിന്നക്കനാൽ, ബോഡിമെട്ട് ജനവാസ മേഖലകളിൽ ഭീതിവിതയ്ക്കുന്ന, ചക്കക്കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റയാനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ആണ് ഓൺ ആയിരിക്കുന്നത്. ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി 30 അംഗ റാപ്പിഡ് റെസ്പോൺസ് ടീമും (ആർ.ആർ.ടി.) രണ്ട് കുങ്കിയാനകളും വയനാട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയോടെ ചിന്നക്കനാലിലെത്തി. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം നിലവിൽ എട്ടേക്കറിലാണ് ചക്കക്കൊമ്പൻ നിൽക്കുന്നത്. ചക്കക്കൊമ്പനെ പിടികൂടുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇനി ഇവിടേക്ക് ആന എത്തുകയോ എത്തിക്കുകയോ ചെയ്യേണ്ടതുണ്ട്.
ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങ ആനപ്പന്തിയിൽനിന്ന് വനംവകുപ്പിന്റെ വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ആണ് എത്തിച്ചിരിക്കുന്നത്. നേരത്തെ അരിക്കൊമ്പൻ ദൗത്യം നടന്നപ്പോൾ എത്തിയ കുങ്കിയാനകളുടെ സംഘത്തിൽ ഉണ്ടായിരുന്നവയാണ് വിക്രമും ഭരത്തും. ചിന്നക്കനാലിൽ എത്തിയ ഈ കുങ്കിയാനകൾക്കായി സിമന്റുപാലത്താണ് താവളം സജ്ജമാക്കിയിരിക്കുന്നത്. ആനകൾക്കൊപ്പമെത്തിയ ആർആർടി ടീമിന് നാലിടത്തായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
ALSO READ: ഒരെണ്ണം എറണാകുളത്തേക്ക്, ഏഴെണ്ണം കൊല്ലത്തേക്ക്; സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
മിഷൻ ചക്കക്കൊമ്പന്റെ ഭാഗമായി വനംവകുപ്പ് 24 മണിക്കൂറും ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. രാത്രിയിൽ തെർമൽ ഡ്രോൺ ക്യാമറ ഉപയോഗിച്ചും നിരീക്ഷണം തുടർന്നു. അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ദൗത്യം നടക്കും. മയക്കുവെടിവച്ച് ചക്കക്കൊമ്പനെ പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആവശ്യമായ ചികിത്സനൽകി കാട്ടിലേക്ക് തന്നെ തുറന്നുവിടാനാണ് ഇതുവരെയുള്ള തീരുമാനം. എന്നാൽ അരിക്കൊമ്പനെ മാറ്റിയതുപോലെ ചക്കക്കൊമ്പനെയും ഇവിടെ നിന്ന് മാറ്റണം എന്ന് ആവശ്യമുയരുന്നുണ്ട്.
ചക്കക്കൊമ്പൻ
കൃഷിയിടത്തിലിറങ്ങി പ്ലാവിൽ നിന്നും ചക്ക പറിച്ച് തിന്നുന്ന ഒറ്റയാന് നാട്ടുകാർ നൽകിയ പേരാണ് ചക്കക്കാെമ്പൻ. ചിന്നക്കനാൽ മേഖലയിൽ ഇപ്പോഴുള്ള 17 കാട്ടാനകളിൽ പ്രായപൂർത്തിയായ ഏക കാെമ്പനാണ് ചക്കക്കാെമ്പൻ. ഏകദേശം 25 വയസ് ചക്കക്കൊമ്പനുണ്ട് എന്നാണ് വിവരം. മുൻപ് അരിക്കൊമ്പനുണ്ടായിരുന്ന സമയത്ത് ചക്കക്കൊമ്പൻ വല്ലപ്പോഴുമേ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നുള്ളൂ.
എന്നാൽ 2023-ൽ മിഷൻ അരിക്കൊമ്പന്റെ ഭാഗമായി അരിക്കൊമ്പനെ പിടികൂടി കാട് കടത്തിയതോടെ ചിന്നക്കനാലിന്റെ പേടിസ്വപ്നമായി ചക്കക്കൊമ്പൻ വളരാൻ തുടങ്ങി. ഇതിനൊടുവിലാണ് ഇപ്പോൾ ചക്കക്കൊമ്പനെ പിടികൂടി കോളർ ഘടിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മിഷൻ ചക്കക്കൊമ്പന്റെ ഭാഗമായി മയക്കുവെടി ദൗത്യം നടക്കുന്ന ദിവസം സുരക്ഷ മുൻനിർത്തി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും.
വിക്രം, ഭരത്
മുത്തങ്ങ ആനപ്പന്തിയിലെ കുങ്കിയാനകളായ വിക്രം, ഭരത് എന്നിവ ഒട്ടേറെ കൊമ്പന്മാരെ കൂട്ടിലാക്കിയ ദൗത്യങ്ങളിലെ സജീവ സാന്നിധ്യങ്ങളാണ്. അരിക്കൊമ്പൻ ദൗത്യം, പാലക്കാട് ധോണിയിലെ പ്രശ്നക്കാരൻ പിടി സെവൻ ദൗത്യം, ബത്തേരിയിലെ ശല്യക്കാരനായ പിഎം 2 (രാജ) എന്നീ കൊമ്പന്മാരെ പിടികൂടാൻ വനംവകുപ്പ് സംഘത്തിനൊപ്പം ഈ രണ്ട് കുങ്കിയാനകളും ഉണ്ടായിരുന്നു.
English Summary
A 30-member Rapid Response Team (RRT) and two ‘kumki’ (trained) elephants, Vikram and Bharat arrived in Chinnakanal from Wayanad early Monday morning. They are there for an operation to capture ‘Chakkakomban’ a rogue tusker that has been spreading terror in the area and fit it with a radio collar. If conditions prove favorable, the operation will be carried out on Wednesday or Thursday.