MLA U Prathibha: ‘മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല, ഇതെന്നെ അധിക്ഷേപിക്കാനുള്ള ശ്രമം’; എംഎൽഎ യു പ്രതിഭ
MLA U Prathibha Reacts on Son Custody: മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങൾ തന്നെ മനഃപൂർവം അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ് എന്നും യു പ്രതിഭ പറഞ്ഞു.
ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടി എന്ന വാർത്തയിൽ പ്രതികരിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് എംഎൽഎ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങൾ തന്നെ മനഃപൂർവം അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ് എന്നും യു പ്രതിഭ പറഞ്ഞു. ആരും തെറ്റായ വഴിയിൽ സഞ്ചരിക്കരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് താനെന്നും എംഎൽഎ വ്യക്തമാക്കി.
വാർത്ത വന്നത് മുതൽ തന്നെ തേടി നിരവധി ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും സ്വാഭാവികമായും തനിക്ക് ശത്രുക്കൾ ഉണ്ടെന്നും എംഎൽഎ ലൈവിൽ പറയുന്നു. “മകനും സുഹൃത്തുക്കളും ഒന്നിച്ചിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. എന്നാൽ, മകനെ കഞ്ചാവുമായി പിടിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരാൾ എംഎൽഎ ആയതുകൊണ്ടും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. പ്രചരിക്കുന്ന വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം. ആരും തെറ്റായ വഴിയിൽ സഞ്ചരിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു ‘അമ്മ കൂടിയാണ് ഞാൻ. എന്റെ മകൻ തെറ്റായ വഴിയിൽ സഞ്ചരിക്കരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ.” എന്നും പ്രതിഭ പറഞ്ഞു.
വാർത്തകൾ വന്നതിന് പിന്നാലെ പ്രതിഭ മാധ്യമങ്ങളോടും പ്രതികരിച്ചു. മകന്റെ പേരിൽ കേസ് ഇല്ലെന്നും, സ്റ്റേഷനിൽ പോയി ജാമ്യത്തിൽ ഇറക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. സുഹൃത്തിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി എന്ന് അവർ എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെ ആണെങ്കിൽ തന്നെ സുഹൃത്തിന്റെ കൈയിൽ നിന്നല്ലേ പിടികൂടിയത്. പക്ഷെ വാർത്ത വന്നത് എംഎൽഎയുടെ മകന്റെ പേരിൽ അല്ലേയെന്നും പ്രതിഭ ചോദിച്ചു.
ALSO READ: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; പരിശോധനയിൽ കണ്ടെത്തിയത് 90 ഗ്രാം കഞ്ചാവ്
തന്റെ മകന്റെ പേരിൽ തന്നെ ആക്ഷേപിക്കുന്ന തരത്തിലാണ് ആ വാർത്ത വന്നത്. അത് തെറ്റായി പോയി എന്ന നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നു. തന്റെ മകന്റെ പക്കൽ നിന്ന് ഇത് പിടികൂടിയിരുന്നെങ്കിൽ അവനെതിരെ ആദ്യം നിൽക്കുന്നത് താൻ തന്നെ ആയിരിക്കുമെന്നും അവർ പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
അതേസമയം, എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പടെ ഒൻപത് യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. തകഴി പാലത്തിനടിയിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയതും പരിശോധന നടത്തിയതും. ഇവരിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.