U Prathibha MLA Son: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; പരിശോധനയിൽ കണ്ടെത്തിയത് മൂന്ന് ഗ്രാം കഞ്ചാവ്
U Prathibha MLA Son Arrested: തകഴി പാലത്തിനടിയിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് കനിവും സംഘവും എക്സൈസ് പിടിയിലായത്.
ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. 21 കാരനായ കനിവിനെയാണ് കുട്ടനാട് എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്. പരിശോധനയിൽ മൂന്ന് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് കനിവും സംഘവും എക്സൈസ് പിടിയിലായത്.
കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെയാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിൽ എത്തിയതും യുവാക്കളെ പിടികൂടിയതും. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
സംഭവം പുറത്തുവന്നതിന് പിന്നാലെ ഇത് വ്യാജ വാർത്തയാണെന്ന് ആരോപിച്ചു കൊണ്ട് യു പ്രതിഭ എംഎൽഎ രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. മകനെതിരായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മകനിലൂടെ തന്നെ ആക്ഷേപിക്കുന്ന രീതിയിലാണ് വാർത്തകൾ വരുന്നതെന്നും എംഎൽഎ പറഞ്ഞു. മകൻ സുഹൃത്തുക്കളോടൊപ്പം ഒന്നിച്ചിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നുവെന്നും, മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.