Munambam land protest: മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത; ഒരുപക്ഷം പുതിയ സമരത്തിലേക്ക്
Munambam Protest Committee Split: സമരം അവസാനിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനവുമായി ഭൂസംരക്ഷണ സമിതി മുന്നോട്ടുപോവുകയായിരുന്നു. ഇതിന്റെ ഭാഗമായി, വ്യവസായ മന്ത്രി പി. രാജീവും റവന്യൂ മന്ത്രി കെ. രാജനും സമരപ്പന്തലിലെത്തി നിരാഹാരം അനുഷ്ഠിച്ചിരുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
കൊച്ചി: മുനമ്പം ഭൂമിപ്രശ്നത്തിൽ റവന്യൂ അവകാശങ്ങൾക്കായി നടത്തിവന്ന സമരം അവസാനിപ്പിച്ചതിനെ ചൊല്ലി സമരസമിതിയിൽ പിളർപ്പ്. 414 ദിവസമായി തുടർന്ന നിരാഹാര സമരം ഞായറാഴ്ച അവസാനിപ്പിക്കാൻ ഭൂസംരക്ഷണ സമിതി തീരുമാനിച്ചെങ്കിലും, സമിതിയിലെ ഒരു വിഭാഗം ഈ നീക്കത്തിൽ പ്രതിഷേധിച്ച് സമരപ്പന്തൽ വിട്ട് പുതിയ സമരം ആരംഭിച്ചു.
സമരം അവസാനിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനവുമായി ഭൂസംരക്ഷണ സമിതി മുന്നോട്ടുപോവുകയായിരുന്നു. ഇതിന്റെ ഭാഗമായി, വ്യവസായ മന്ത്രി പി. രാജീവും റവന്യൂ മന്ത്രി കെ. രാജനും സമരപ്പന്തലിലെത്തി നിരാഹാരം അനുഷ്ഠിച്ചിരുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
ഇതുവരെ സമരം ചെയ്തിരുന്നവർ താത്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും, ആരെയും കുടിയൊഴിപ്പിക്കാൻ സർക്കാർ അനുവദിക്കില്ലെന്നതാണ് നയമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. നിയമപരമായ അവകാശം സംരക്ഷിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമതപക്ഷം ‘മുനമ്പം സമരസമിതി’ രൂപീകരിച്ചു
ഭൂസംരക്ഷണ സമിതിയുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തവർ ‘മുനമ്പം സമരസമിതി’ എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു. കഴിഞ്ഞ ദിവസം വരെ ‘സമ്പൂർണ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുംവരെ സമരം തുടരുമെന്ന്’ പറഞ്ഞിരുന്ന ഭൂസംരക്ഷണ സമിതി ഇപ്പോൾ സമരം അവസാനിപ്പിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുനമ്പം സമരസമിതി നേതൃത്വം ചൂണ്ടിക്കാട്ടി.
സംഘടനയുടെ പ്രസിഡന്റ് അഡ്വ. റോയ് കുരിശിങ്കൽ പറയുന്നത്, കരം അടയ്ക്കാൻ കഴിയുന്നത് സമ്പൂർണ റവന്യൂ അവകാശമല്ല എന്നാണ്. സമരക്കാർക്കിടയിൽ ഭിന്നതകളില്ലെന്നും, ആദ്യം മുതൽ സമരം ചെയ്യുന്നവർ തന്നെയാണ് ഇപ്പോഴും മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പൂർണ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ പുതിയ സമിതി സമരം തുടരും എന്ന നിലപാടിലാണ്.