SIR Muslim League: പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കാനാകുന്നില്ലേ?
NRI's SIR issue : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുൻപായി ഈ സാങ്കേതിക പിശക് തിരുത്തി പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

SIR
കോഴിക്കോട്: പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാസ്‌പോർട്ട് നമ്പറിലെ മാറ്റങ്ങൾക്കനുസരിച്ച് വെബ്‌സൈറ്റിൽ പരിഷ്‌കാരം വരുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്.
സാങ്കേതിക പ്രശ്നം ഇങ്ങനെ
പ്രവാസികൾ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം-6 പൂരിപ്പിക്കുമ്പോൾ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് പ്രതിസന്ധി നേരിടുന്നത്. പഴയ രീതിയിലുള്ള പാസ്‌പോർട്ടുകളിൽ ഒരു ആൽഫബറ്റും (Letter) പിന്നാലെ നമ്പറുകളുമാണ് ഉണ്ടായിരുന്നത്. നിലവിലെ വെബ്‌സൈറ്റ് ഈ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
എന്നാൽ പുതിയ പാസ്‌പോർട്ടുകളിൽ രണ്ട് ആൽഫബറ്റുകളും ബാക്കി നമ്പറുകളുമാണുള്ളത്. ഈ മാറ്റം വെബ്‌സൈറ്റിൽ ഉൾപ്പെടുത്താത്തതിനാൽ പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് തങ്ങളുടെ പാസ്‌പോർട്ട് നമ്പർ സൈറ്റിൽ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കുന്നില്ല.
പ്രവാസികൾ പ്രതിസന്ധിയിൽ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ ഈ അപാകത കാരണം നൂറുകണക്കിന് പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിഷയം പലതവണ ശ്രദ്ധയിൽപ്പെട്ടിട്ടും കമ്മീഷന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവാസി വ്യവസായി കൂടിയായ സൈനുൽ ആബിദീൻ നേരിട്ട് പരാതിയുമായി രംഗത്തെത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുൻപായി ഈ സാങ്കേതിക പിശക് തിരുത്തി പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.