Nanthancode Mass Murder Case: കേരളത്തെ നടുക്കിയ കൂട്ടക്കുരുതി; നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്
Nanthancode Mass Murder Case Verdict: ഏക പ്രതി കേഡൽ ജിൻസൻ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിധി പറയുന്നത്.
തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഏക പ്രതി കേഡൽ ജിൻസൻ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിധി. രണ്ട് തവണ വിധി പറയുന്നത് മാറ്റിവച്ചിരുന്നു.
2017 ഏപ്രിലിലാണ് നന്തന്‍കോട് ബെയില്സ് കോമ്പൌണ്ടിൽ 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസർ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ രാജയുടെ മകൻ കേഡൽ ജിൻസൻ രാജയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ദുര്‍മന്ത്രവാദമാണെന്നാണ് കേഡൽ ജിൻസൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്തി.
കുടുംബാംഗളോടുള്ള അടങ്ങാത്ത പക കാരണം നാലു പേരെ കൊന്ന് ചുട്ടെരിച്ചെന്നാണ് കേസ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ ആരംഭിച്ചത്. കൃത്യമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു കൂട്ടക്കുരുതി.
സംഭവ ദിവസമായ 2017 ഏപ്രിൽ അഞ്ചിന്, താനൊരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ്, രാജ തങ്കത്തെയും ജീൻപത്മത്തിനെയും കരോളിനെയും വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കമ്പ്യൂട്ടിന് മുന്നിൽ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്നും മഴുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ലളിതയെന്ന ബന്ധുവിനെയും കൊലപ്പെടുത്തി.
എട്ടാം തിയതി രാത്രി രണ്ടാം നിലയിൽ നിന്നും തീയും പകയും ഉയർന്ന് നാട്ടുകാർ ഓടികൂടിയപ്പോള്‍ കേഡലിനെ കാണാനില്ലായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീ അണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ നാലു മൃതദേഹങ്ങള്‍ കണ്ടത്. അന്വേഷണത്തിൽ പെട്രോള്‍ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേഡൽ രക്ഷപ്പെടുകയായിരുന്നു എന്ന് മനസ്സിലായി. ചെന്നൈയിലേക്ക് പോയി തിരികെയത്തിയപ്പോള്‍ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.