KPCC: കെപിസിസിയുടെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും; നിയുക്ത പ്രസിഡന്റ് സണ്ണി ജോസഫിന്റെ സ്ഥാനാരോഹണം രാവിലെ
KPCC's new leadership will take charge today: സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ. സുധാകരന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ നേതൃത്വം ചുതമലയേല്‍ക്കുന്നതോടെ ഡിസിസിയിലും അഴിച്ചുപണി നടന്നേക്കും
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ സ്ഥാനമേല്‍ക്കും. രാവിലെ 9.30ന് ഇന്ദിരാഭവനിലാണ് സ്ഥാനാരോഹണം. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ഇന്ന് ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ. സുധാകരന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ നേതൃത്വം ചുതമലയേല്‍ക്കുന്നതോടെ ഡിസിസിയിലും അഴിച്ചുപണി നടന്നേക്കും. വിവിധ ഡിസിസി പ്രസിഡന്റുമാരെ മാറ്റിയേക്കുമെന്നാണ് വിവരം. ഇന്ത്യ-പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങാകും സംഘടിപ്പിക്കുക.
പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരുടെ ചുമതല ഏത് തരത്തിലായിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. പി.സി. വിഷ്ണുനാഥ് കെപിസിസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യത. സംഘടനയില്‍ ഭാരവാഹികളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. നിലവിലെ ഭാരവാഹികളില്‍ പ്രവര്‍ത്തനമികവ് തെളിയിച്ചവര്‍ തുടരും. പുതിയ നേതൃത്വം ചുമതലേറ്റ ശേഷം അഴിച്ചുപണിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കും.
മാസത്തില്‍ 10 ദിവസമെങ്കിലും പുതിയ പ്രസിഡന്റ് കെപിസിസി ഓഫീസിലുണ്ടാകണമെന്നതാണ് നിര്‍ദ്ദേശം. 10 ദിവസം വിവിധ ജില്ലകളിലും മറ്റുമായി പരിപാടികളില്‍ പങ്കെടുക്കും. സണ്ണി ജോസഫ് നിയമസഭാംഗം കൂടിയായതിനാല്‍ സ്വന്തം മണ്ഡലമായ പേരാവൂരില്‍ ബാക്കി ദിവസങ്ങളില്‍ പോകണം. പുനഃസംഘടനയാണ് പുതിയ നേതൃത്വത്തിന്റെ ആദ്യ ദൗത്യം.




Read Also: KPCC President: കെ.സുധാകരൻ തുടരില്ല; അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്
ഐക്യമാണ് പുതിയ ദൗത്യമെന്നും, സംസ്ഥാനത്ത് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചിരുന്നു.