Thiruvananthapuram Mayor: ആരാകും തിരുവനന്തപുരം മേയര്‍? തീരുമാനം ഉടനറിയാം; ആര്‍ ശ്രീലേഖയ്ക്ക് സാധ്യത
R Sreelekha likely to become Thiruvananthapuram mayor: തിരുവനന്തപുരം മേയറെ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. ആര്‍. ശ്രീലേഖ മേയറാകുമെന്നാണ് വിവരം. തീരുമാനം രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം മേയറെ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മേയറാകുമെന്നാണ് വിവരം. തീരുമാനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീലേഖയും, വിവി രാജേഷുമായിരുന്നു അന്തിമ പരിഗണനയില്‍. അവസാനം പാര്‍ട്ടി നേതൃത്വം ശ്രീലേഖയ്ക്ക് അനുകൂലമായി തീരുമാനമെടുത്തെന്നാണ് സൂചന. അന്തിമ പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കാം.
മുതിര്‍ന്ന നേതാക്കളുടെയും, കൗണ്‍സിലര്‍മാരുടെയും പിന്തുണ ശ്രീലേഖയ്ക്ക് ലഭിച്ചെന്നാണ് വിവരം. രാജേഷ് മേയറാകുമെന്നായിരുന്നു ആദ്യ സൂചനകള്‍. രാഷ്ട്രീയപരിചയമുള്ളയാള്‍ മേയറാകട്ടെയെന്ന് അഭിപ്രായമുണ്ടായി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ശ്രീലേഖയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.
സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ മേയര്‍ പദവിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി വാഗ്ദാനം നല്‍കിയിട്ടില്ലെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. പാര്‍ട്ടി അധ്യക്ഷനാണ് തീരുമാനമെടുക്കേണ്ടതെന്നും, മേയറായില്ലെങ്കിലും വാര്‍ഡില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
Also Read: Kochi Mayor: കൊച്ചിയിൽ അധികാരപ്പങ്കിടൽ: വി.കെ. മിനിമോളും ഷൈനി മാത്യുവും മേയർമാരാകും
മേയര്‍ പദവി ലഭിച്ചാല്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും, പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത് അനുസരിക്കുമെന്നും രാജേഷും നേരത്തെ വ്യക്തമാക്കിയിരുന്നു. ആശ നാഥ്, സിമി ജ്യോതിഷ്, ജി എസ് മഞ്ജു തുടങ്ങിയവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇക്കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകും.
അതേസമയം, കോര്‍പറേഷനില്‍ ഭൂരിപക്ഷമില്ലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സിപിഎമ്മും, കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. പുന്നയ്ക്കാമുകൾ വാർഡിൽ നിന്നുള്ള കൗൺസിലറും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ആര്‍പി ശിവജിയാണ് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ശിവജിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
കെഎസ് ശബരിനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണകരമാകില്ലെന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വിലയിരുത്തല്‍. യുഡിഎഫില്‍ നിന്നു മേരി പുഷ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും.