AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala rain alert: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
neethu-vijayan
Neethu Vijayan | Published: 07 May 2024 08:43 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒമ്പതാം തീയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തീയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്.

0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കുള്ള ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

മുന്നറിയിപ്പ് ഇപ്രകാരം

1. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം അനുസരിച്ച് മാറി താമസിക്കണം.

2. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നത് ഇവ തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കും.

3. ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായും ഒഴിവാക്കുക.

4. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും അല്ലെങ്കിൽ മറ്റ് ചെറിയ യാനങ്ങളിലും രാത്രി 8 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടില്ല.

6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കും വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പോകാൻ പാടില്ല.