AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Power crisis: മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണമാണ് ഇപ്പോൾ ഉപയോഗം കുറയാൻ കാരണമായതെന്ന് കെഎസ്ഇബി അറിയിച്ചു.

Power crisis: മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്
KSEB reported electricity consumption come down in kerala
neethu-vijayan
Neethu Vijayan | Published: 06 May 2024 14:08 PM

തിരുവനന്തപുരം:  സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി കെഎസ്ഇബി. സംസ്ഥാനത്തെ ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപയോഗം. സംസ്ഥാനത്തെ പീക്ക് ആവശ്യകതയും കുറഞ്ഞിട്ടുണ്ട്. ഇന്നലത്തെ ആവശ്യകത 5482 മെഗാവാട്ടാണ്.

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണമാണ് ഇപ്പോൾ ഉപയോഗം കുറയാൻ കാരണമായതെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിക്കാനാണ് കെഎസ്ഇബിയുടെ ലക്ഷ്യം. വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജ്ജും കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു.

നിലവിലുള്ള ഒമ്പത് പൈസ സർചാർജ്ജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. ആകെ 19 പൈസയാണ് സർചാർജ്ജ്. മാർച്ചിലെ ഇന്ധന സർചാർജ്ജായാണ് തുക ഈടാക്കുക. രണ്ട് ദിവസം ഉപഭോഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കും. ബുധനാഴ്ചയോടെ സംസ്ഥാനത്ത് മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലുണ്ടാകുന്ന തടസങ്ങൾ പരിഹരിക്കാനും സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനും കെഎസ്ഇബി പ്രത്യേകം കൺട്രോൾ റൂം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫീഡറുകളിലെ ഓവർലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ കൺട്രോൾ റൂം ഏകോപിപ്പിക്കും.

കൂടാതെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരവും കൺട്രോൾ റൂം നിരീക്ഷിക്കും. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കള്ളക്കടൽ മുന്നറിയിപ്പിൽ മാറ്റമില്ലാതെ തുടരുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്‌നാടിന്റെ തീരത്തും ഓറഞ്ച് അലർട്ട് ഇന്നും തുടരും. ഇന്ന് 3.30 വരെ 1.5 മീറ്റർ ഉയരത്തിൽ തീരമാലകളടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം ഉണ്ടായിരുന്നു.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. മുന്നറിയിപ്പുകൾ ഒരു കാരണവശാലും അവഗണിക്കരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. ഒരു കാരണവശാലും തീരത്ത് കിടന്നുറങ്ങരുത്. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റി സൂക്ഷിക്കുക.

മുന്നറിയിപ്പ് ഇപ്രകാരം

1. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം അനുസരിച്ച് മാറി താമസിക്കണം.

2. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നത് ഇവ തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കും.

3. ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായും ഒഴിവാക്കുക.

4. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും അല്ലെങ്കിൽ മറ്റ് ചെറിയ യാനങ്ങളിലും രാത്രി 8 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടില്ല.

6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കും വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പോകാൻ പാടില്ല.