Nimisha Priya: നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുമെന്ന് കാന്തപുരം; യമൻ പൗരൻ്റെ സഹോദരനുമായി സംസാരിച്ചു
Kanthapuram A P Aboobacker Musliyar Intervenes In Nimisha Priya Case: നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യെമൻ പൗരൻ്റെ സഹോദരനുമായി മതനേതാവുമായും അദ്ദേഹം സംസാരിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായും യെമനിലെ മതനേതാവും സുഹൃത്തുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായും അദ്ദേഹം സംസാരിച്ചു. യെമൻ ഭരണകൂടവുമായും അദ്ദേഹം ബന്ധപ്പെട്ടു. കാന്തപുരത്തിൻ്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎ ആണ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഇടപെടണമെന്ന് അഭ്യർത്ഥിച്ചത്. ഈ അഭ്യർത്ഥനയ്ക്ക് പിന്നാലെ കാന്തപുരം നിമിഷപ്രിയയ്ക്കായി ഇടപെടുകയായിരുന്നു. ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന മതനേതാവായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനം സാധ്യമാവുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. അതേസമയം, യെമൻ പൗരൻ്റെ സഹോദരനും മതനേതാവും ഉൾപ്പെടെയുള്ളവർ കാന്തപുരത്തോട് എന്ത് സമീപനമാണ് സ്വീകരിച്ചതെന്നോ എന്തായിരുന്നു അവരുടെ മറുപടിയെന്നോ വ്യക്തമല്ല.




നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിധി. ഇത് സനായിലെ ജയിൽ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പല രീതിയിൽ പുരോഗമിക്കുകയാണ്. യെമനിലെ മനുഷ്യാവകാശ പ്രവർത്തകർ കുടുംബത്തിന് ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. നിമിഷപ്രിയയുടെ അമ്മയും പലതരത്തിൽ ശ്രമം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു.
ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയ വധശിക്ഷ കാത്ത് കഴിയുന്നത്. 2017 മുതല്‍ യെമനിലെ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. കുറ്റവാളിയാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നിമിഷപ്രിയയെ 2018ല്‍ വധശിക്ഷയ്ക്ക് വിധിച്ചത്. കീഴ്‌ക്കോടതി വിധി യെമനിലെ സുപ്രീംകോടതിയും ശരിവച്ചതോടെയാണ് വധശിക്ഷ ഉറപ്പായത്.