Nimisha Priya: വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം, ദയ കാണിക്കണമെന്ന് പ്രതികരണങ്ങൾ; നിമിഷ പ്രിയയെ കൊലപാതകിയാക്കിയതിന് പിന്നിൽ?
Nimisha Priya Case: നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യെമൻ നിയമമനുസരിച്ച്, 'ദിയാത്ത്' അഥവാ 'ബ്ലഡ് മണി' നൽകി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് മാപ്പ് നേടാൻ സാധിക്കും.
2017-ൽ ഒരു യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കാൻ ഒരുങ്ങുകയാണ്. വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ ഉത്തരവ് വന്നതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
ഇസ്ലാം മതത്തിൽ ദയ കാണിക്കുന്നത് മഹത്തായ നന്മയാണെന്നും നിമിഷയെ മോചിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. മരിച്ച വ്യക്തി തിരിച്ചുവരില്ലെന്നും നിമിഷയെ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ അനുവദിക്കണമെന്നും അഭിപ്രായങ്ങളുണ്ട്. അതേസമയം ദയാധനം സ്വീകരിക്കുന്നതിനെ എതിർക്കുകയും കൃത്യം നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്.
ആരാണ് നിമിഷ പ്രിയ?
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ 2011ലാണ് യെമനിലെ സനയിലേക്ക് നഴ്സായി ജോലിക്ക് പോയത്. 2014ൽ സാമ്പത്തിക പ്രശ്നങ്ങളും യെമനിലെ ആഭ്യന്തര സംഘർഷങ്ങളും രൂക്ഷമായതിനെ തുടർന്ന് നിമിഷയുടെ ഭർത്താവും മകളും മടങ്ങി വന്നെങ്കിലും കുടുംബത്തെ പോറ്റാൻ വേണ്ടി നിമിഷ യെമനിൽ തുടർന്നു.
കൊലപാതകം
യെമനിൽ വിദേശികൾക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങണമെങ്കിൽ പ്രാദേശിക പങ്കാളി ആവശ്യമാണ്. ഈ നിയമമനുസരിച്ചാണ് തലാൽ അബ്ദു മെഹ്ദിയുമായി ചേർന്ന് നിമിഷ ഒരു ക്ലിനിക്ക് ആരംഭിക്കുന്നത്. എന്നാൽ, ഈ പങ്കാളിത്തം നിമിഷയുടെ ജീവിതം തകിടം മറിച്ചു.
തലാൽ അബ്ദു മെഹ്ദി തന്നെ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യുകയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്തുവെന്നാണ് നിമിഷയുടെ മൊഴി. കൂടാതെ തലാൽ പാസ്പോർട്ട് പിടിച്ചുവെച്ചെന്നും നിമിഷ പറഞ്ഞു. പ്രാദേശിക അധികാരികളെ സമീപിച്ചിട്ടും നീതി ലഭിച്ചിരുന്നില്ല.
ALSO READ: വധശിക്ഷാ ദിനം അടുക്കുന്നു, നിമിഷപ്രിയക്ക് വേണ്ടത് 8.57 കോടി
പാസ്പോർട്ട് തിരികെ വാങ്ങാനും രക്ഷപ്പെടാനുമായി നിമിഷ തലാലിന് മയക്കുമരുന്ന് കുത്തിവയ്ക്കുകയായിരുന്നു. എന്നാൽ, മയക്കുമരുന്നിന്റെ അളവ് കൂടിയത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായി. തുടർന്ന്, ഒരു യെമൻ സഹപ്രവർത്തകയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.
വധശിക്ഷ
2018 ജൂണിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നിമിഷ അപ്പീൽ നൽകിയെങ്കിലും യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അപ്പീൽ തള്ളിക്കളയുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തു. 2024-ൽ യെമൻ പ്രസിഡന്റ് റാഷാദ് അൽ-അലിമി വധശിക്ഷയ്ക്ക് അംഗീകാരം നൽകി.
അതേസമയം നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യെമൻ നിയമമനുസരിച്ച്, ‘ദിയാത്ത്’ അഥവാ ‘ബ്ലഡ് മണി’ നൽകി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് മാപ്പ് നേടാൻ സാധിക്കും. ഈ വഴി നോക്കിയെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.