Onam 2025: ഓണത്തിരക്കിൽ സർവീസ് വർധിപ്പിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും; അവസാന സർവീസിലും മാറ്റം
Kochi Metro Water Metro During Onam: ഓണത്തിന് കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സർവീസ് നടത്തും. അവസാന സർവീസിൻ്റെ സമയവും നീട്ടി.
ഓണത്തിരക്കിൽ സർവീസ് വർധിപ്പിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും. അവസാനത്തെ സർവീസിലും മാറ്റമുണ്ട്. സെപ്തംബർ രണ്ട് മുതൽ നാല് വരെയാണ് അധിക സർവീസുകൾ. ആറ് സർവീസുകൾ അധികമായി നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. അവസാനത്തെ സർവീസ് 15 മിനിട്ട് കൂടി നീട്ടി.
ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നുമുള്ള കൊച്ചി മെട്രോയുടെ അവസാന സർവീസുകൾ രാത്രി 10.45നാവും. സാധാരണ ദിവസങ്ങളിൽ 10.30 വരെയാണ് സർവീസ്. കൊച്ചി മെട്രോ അധികമായി നടത്തുക ആറ് സർവീസുകളാണ്. വാട്ടർ മെട്രോയിൽ 10 മിനിട്ടാണ് ഇടവേള. രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെ ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 മണി വരെയാണ് സർവീസ് ഉണ്ടാവുക.
ഇന്ന് അനിഴം നാളാണ്. അതായത് അഞ്ചാം നാൾ. അനിഴം നാളിലെ പൂക്കളത്തിനും സവിശേഷതകളുണ്ട്. മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നീ പൂക്കളാണ് അനിഴം നാളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കേണ്ടത്. തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിൽ കാണപ്പെടുന്ന പൂക്കളാണ് ഇവ. അതുകൊണ്ട് തന്നെ പ്രദേശങ്ങൾ അനുസരിച്ച് പൂക്കളിൽ വ്യത്യാസം വന്നേക്കാം.
ആറന്മുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പുകളും അനിഴം ദിനമായ ഇന്നാണ് ആരംഭിക്കുക. പത്തനംതിട്ട ജില്ലയിലെ പമ്പ നദീതീരത്തുള്ള ആറന്മുളയിലാണ് ഉത്രട്ടാതി വള്ളംകളി നടക്കുന്നത്.