Padmanabhaswamy Temple B Vault: ‘ആചാരവിരുദ്ധം, എതിർപ്പറിയിച്ച് വിശ്വാസികൾ’; പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നേക്കില്ല
Padmanabhaswamy Temple B Vault Not Opened: രാജകുടുംബവും തന്ത്രിയും നിലവറ തുറക്കുന്നതിനുള്ള എതിർപ്പ് സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ ഭരണ സമിതിയിൽ ഇക്കാര്യത്തിൽ ഇനി ഒരു ചർച്ചയും ആവശ്യമില്ലെന്നാണ് മറ്റ് അംഗങ്ങളുടെ നിലപാട്.
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതക്കോൺ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്നേക്കില്ല (Padmanabhaswamy Temple B Vault). ക്ഷേത്ര ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വച്ചത്. എന്നാൽ ഇത് പരിഗണിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ട്. സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നു.
ബി നിലവറ തുറക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുണ്ടാകുമെന്നുതും വലിയ വെല്ലുവിളിയാണ്. ബി നിലവറ തുറക്കണമെന്ന ആവശ്യ ഉയർന്നപ്പോൾ തന്നെ വിവിധ ഭക്തജന സംഘടനകൾ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി നിർദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ നിലവിലെ ഭരണം.
അഡീഷണൽ ജില്ലാ ജഡ്ജി കെ പി അനിൽകുമാറാണ് സമിതിയുടെ ചെയർമാൻ. തിരുവിതാകൂർ രാജകുടുംബാംഗം പ്രതിനിധി ആദിത്യവർമ്മ, കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ, സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻ നായർ, തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നിലവറ തുറക്കുന്ന കാര്യം തൽക്കാലം പരിഗണനയിൽ ഇല്ല എന്നാണ് കേന്ദ്രസർക്കാർ പ്രതിനിധിയായ കരമന ജയൻ പറയുന്നത്.
രാജകുടുംബവും തന്ത്രിയും നിലവറ തുറക്കുന്നതിനുള്ള എതിർപ്പ് സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ ഭരണ സമിതിയിൽ ഇക്കാര്യത്തിൽ ഇനി ഒരു ചർച്ചയും ആവശ്യമില്ലെന്നാണ് മറ്റ് അംഗങ്ങളുടെ നിലപാട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ടതാണ് ബി നിലവറയെന്നും ഇത് തുറക്കുന്നത് ആചാരവിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
മുമ്പ് സമാനമായ ആശങ്കകൾ ഉടലെടുത്തപ്പോൾ ബി നിലവറ തുറക്കുന്ന കാര്യം ഭരണസമിതിയുടെ തീരുമാനത്തിന് സുപ്രീം കോടതി വിട്ടതാണ്. നിലവിൽ ഇത് തുറക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് ഭരണസമിതിയുടെ നിലപാട്. ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും ലക്ഷദീപവും അടക്കമുള്ള പ്രധാന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് വിവാദം ഉണ്ടായിരിക്കുന്നത്. ഇത് മനഃപൂർവമാണെന്ന തരത്തിലും ആരോപണം ഉയരുന്നുണ്ട്.