Pakistani Flag: പാസ്റ്റർമാരുടെ പ്രാര്‍ഥനാ പരിപാടിയിൽ പാകിസ്താൻ പതാക; കേസെടുത്ത് പൊലീസ്
Pakistani flag seen at prayer event: ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. പ്രാർത്ഥന പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം: ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയിൽ പാകിസ്താൻ പതാക ഉപയോഗിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ നൽകിയ പരാതിയിൽ പ്രാർത്ഥനാ കൂട്ടായമയുടെ ഭാരവാഹിയായ ദീപു ജേക്കബിനെതിരെയാണ് കേസെടുത്തത്.
മതസ്പർദ്ധയ്‌ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാര്‍ഥനകള്‍ക്കിടെ പാകിസ്താന്റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാല്‍ കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊരു കൊടി മാത്രമാണ് പാകിസ്താന്റേതെന്നും മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നും ദീപു മൊഴി നൽകി. ചൈനയിൽ നിന്നാണ് ദീപു പതാക വാങ്ങിയത്.
അതേസമയം ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. പ്രാർത്ഥന പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ പ്രൊട്ടസ്റ്റന്‍റ് സഭകളിലെ നാല്പതോളം പാസ്റ്റർമാരാണ് ഉദയംപേരൂരിലെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ നാല്പത് ദിവസമായി ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിലായിരുന്നു പ്രാർത്ഥന.