Chittur Child Missing Case: വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി പോയത് എവിടേക്ക്? സുഹാനായ് തിരച്ചില്‍ ഇന്നും തുടരും
Palakkad Chittur Suhan Missing Case: സുഹാന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. സഹോദരനുമായി പിണങ്ങിയാണ് സുഹാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍

കാണാതായ സുഹാന്‍
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറു വയസുകാരന്‍ സുഹാന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകനായ സുഹാനെ ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് കാണാതായത്. കുട്ടിക്കായി ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സുഹാനെ കാണാതായ വിവരം അറിഞ്ഞ് പിതാവ് അനസ് വിദേശത്തുനിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയാണ് സുഹാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടികള്‍ തമ്മില്‍ സാധാരണ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു ഇത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
ഇടവഴിയില്‍ നിന്ന് എങ്ങോട്ട് പോയി?
ഉച്ചയ്ക്ക് 12 മണിയോടെ വീടിന് സമീപത്തുള്ള ഇടവഴിയില്‍ വച്ച് സുഹാനെ ഒരാള്‍ കണ്ടിരുന്നു. പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരവും ഇല്ല. സമീപത്തെ രണ്ട് വീടുകള്‍ മാത്രമാണ് സുഹാന് പരിചയമുള്ളത്. മറ്റ് വീടുകള്‍ കുട്ടിക്ക് പരിചയമില്ല.
സഹോദരനും മുത്തശിയും അമ്മയുടെ സഹോദരിയും മക്കളും മാത്രമാണ് കുട്ടിയെ കാണാതാകുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. സുഹാന്റെ മാതാവ് സ്‌കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മ സ്‌കൂളിലായിരുന്നു.
ഡോഗ് സ്‌ക്വാഡ് എത്തിയത് കുളത്തിനരികെ
ഡോഗ് സ്ക്വാഡ് മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിനരികെ എത്തിയിരുന്നു. ഇവിടെ ഏറെ നേരം പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് കാണാതാകുമ്പോള്‍ സുഹാന്‍ ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് ചിറ്റൂര്‍ പൊലീസ് സ്റ്റേഷനുമായി (9188722338) ബന്ധപ്പെടാം. നോയൽ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് സുഹാന്.