Venad Express: വനിതാ യാത്രക്കാർ കുഴഞ്ഞു വീണു; വേണാട് എക്സ്പ്രക്സിൽ കാലുകുത്താൻ ഇടമില്ല
Venad Express: വേണാട് എക്സ്പ്രസിലെ ദുരിത യാത്രയെ കുറിച്ച് യാത്രക്കാർ പലതവണയും പരാതിപ്പെട്ടിട്ടുണ്ട്. കൊല്ലം - എറണാകുളം റൂട്ടിൽ മെമു അനുവദിക്കണമെന്നും വേണാട് എക്സ്പ്രസിൽ കൂടുതൽ ബോഗികൾ അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
കോട്ടയം: തിരുവനന്തപുരം∙ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിലെ ദുരിതയാത്രയ്ക്ക് അറുതിയില്ല. തിരക്ക് കാരണം രണ്ട് വനിതാ യാത്രക്കാർ ജനറൽ കംമ്പാർട്ട്മെന്റിൽ കുഴഞ്ഞുവീണു. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സംഭവം. ബോധരഹിതരായ ഇവർക്ക് സഹയാത്രക്കാർ പ്രഥമ ശുശ്രൂഷ നൽകി. ഓണാവധി കഴിഞ്ഞ് സ്കൂളും കോളേജും ഒക്കെ തുറന്നതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. ട്രെയിനിന്റെ സമയക്രമം മാറ്റിയതും വന്ദേഭാരതിനായി സമയം പിടിച്ചിടുന്നതുമാണ് വേണാടിലെ ദുരിത യാത്രയ്ക്ക് കാരണം.
വേണാടിലെ ദുരിതയാത്രയെ കുറിച്ച് മാധ്യമങ്ങളും യാത്രക്കാരും പലതവണയും അധികാരികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ മന്ത്രാലയം മൗനം തുടരുകയാണ്. മെമു അനുവദിക്കണമെന്നും ബോഗികൾ കൂട്ടണമെന്നുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ആടുമാടുകളെ കൊണ്ടുപോകുന്നതിന് സമാനമാണ് വേണാടിലെ യാത്ര.
പല സ്റ്റോപ്പുകളിലും തിക്കും തിരക്കും കാരണം ആളുകൾ പുറത്തേക്ക് വീഴുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. വർഷങ്ങളായുള്ള യാത്രദുരിതമാണ് വേണാട് എക്സ്പ്രസിൽ യാത്രക്കാർ അനുഭവിക്കുന്നത്. പാലരുവിനും വേണാടിനും ഇടയിൽ ഒന്നര മണിക്കൂറിലധികം ഇടവേളയുണ്ട്. ഇതിനാൽ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. സ്ഥിര യാത്രക്കാർക്ക് പോലും ടിക്കറ്റെടുത്തിട്ടും തിരക്ക് കാരണം ട്രെയിനിൽ കയറാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി ശ്രീജിത്ത് വ്യക്തമാക്കി.
വേണാട് എക്സ്പ്രസിന്റെ ബോഗികളുടെ എണ്ണം വർദ്ധിപ്പിക്കുകയും കൊല്ലം- എറണാകുളം പാതയിൽ മെമു ട്രെയിനും അനുവദിക്കുകയും ചെയ്താൽ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി ഏലൂർ ഗോപിനാഥും പറഞ്ഞു. വേണാടിലെ യാത്രാദുരിതം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവിനെ അറിയിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസിലെ ബോഗികൾ കൂട്ടുന്നത് ബോർഡ് അംഗങ്ങളുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ മെമു ട്രെയിനുകൾ റെയിൽവേ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി നേതാവും പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ പികെ കൃഷ്ണദാസ് പറഞ്ഞു. ”വേണാട് എക്സ്പ്രസിലെ യാത്രക്കാരുടെ പ്രശ്നങ്ങൾ നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പരശുറാം എക്സ്പ്രസിലും സമാന സ്ഥിതിയാണ്. യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേയോട് അഭ്യർത്ഥിച്ചിരുന്നു. വന്ദേഭാരത് നിർമ്മണം നടക്കുന്നതിനാൽ മെമുവിന്റെ നിർമ്മാണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. റെയിൽവേ ഉചിതമായ നടപടി കെെക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്”.-പികെ കൃഷ്ണദാസ് പറഞ്ഞു.