Nileshwaram PHC Closed Xmas Day: ജീവനക്കാര്‍ ആശുപത്രി പൂട്ടി ക്രിസ്മസ് അവധിക്കു പോയി; നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ വലഞ്ഞു
Nileshwaram PHC Closed Xmas Day: പരിശോധനയ്ക്കായി ഡോക്ടർ എത്തിയിട്ട് പോലും ആശുപത്രിയിൽ ജീവനക്കാർ സഹകരിക്കാത്തതിനെ തുടർന്ന്...

Nileshwaram Phc
കാസർഗോഡ് നീലേശ്വരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസ് ദിനത്തിൽ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു. പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിട്ടതായി പരാതി. ഇന്ന് അവധി എന്ന് ആശുപത്രിക്ക് മുന്നിൽ ബോർഡും സ്ഥാപിച്ചാണ് അവധി എടുത്തത്. പരിശോധനയ്ക്കായി ഡോക്ടർ എത്തിയിട്ട് പോലും ആശുപത്രിയിൽ ജീവനക്കാർ സഹകരിക്കാത്തതിനെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം നിലച്ചു.
കഴിഞ്ഞദിവസം രാവിലെയോടെയാണ് ആശുപത്രിയിൽ എത്തിയ രോഗികൾ ഇന്ന് അവധിയാണെന്ന് ബോർഡ് കണ്ടത്. നീലേശ്വരം തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ നിരുത്തരവാദപരമായ ഒരു നടപടി ഉണ്ടായത്. അടിയന്തര ആവശ്യങ്ങൾക്ക് ഉൾപ്പെടെ ആശുപത്രിയിൽ എത്തിയ സാധാരണക്കാർക്ക് ആണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവന്നത്.
പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ കൂടുതലായി ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് നീലേശ്വരത്തേത്. ക്രിസ്മസ് ദിനം ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവശ്യ സർവീസുകളിൽ ഉൾപ്പെടുന്ന ആശുപത്രി കഴിഞ്ഞദിവസം അടച്ചിട്ടത്. പതിവുപോലെ ഡോക്ടർ ഡ്യൂട്ടിക്ക് എത്തിയിരുന്നുവെങ്കിലും വാതിലുകളും ഗ്രില്ലുകളും ഉൾപ്പെടെ അടച്ചിട്ട നിലയിലായിരുന്നു.
ജീവനക്കാരെ വിളിച്ചിട്ടും അവർ എത്താത്തതിനെ തുടർന്ന് മണിക്കൂറുകൾക്കു ശേഷം ഡോക്ടറും മടങ്ങിപ്പോയി. തുടർന്ന് നാട്ടുകാർ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും ജീവനക്കാർ ആശുപത്രി നിർബന്ധിതരാകുകയും ചെയ്തു. ഈ ആശുപത്രിയില്ലാതെ പാവപ്പെട്ടവർക്കും സാധാരണക്കാർക്ക് മറ്റ് ഏത് ആശുപത്രിയാണ് എന്നുള്ളതാണ് നാട്ടുകാർ ചോദിക്കുന്നത്.