PD Gopidas: 80ആം വയസിൽ 12ആം ക്ലാസ് തുല്യതാ പരീക്ഷ പാസായി; ലക്ഷ്യം നിയമപഠനമെന്ന് പിഡി ഗോപിദാസ്
80 Year Old Passed 12th Class: 80 വയസുകാരൻ 12ആം ക്ലാസ് തുല്യതാ പരീക്ഷ പാസായി. ആലപ്പുഴ സ്വദേശിയായ പിഡി ഗോപിദാസ് ആണ് 12ആം ക്ലാസ് തുല്യതാ പരീക്ഷ പാസായത്.
80ആം വയസിൽ 12ആം ക്ലാസ് തുല്യതാ പരീക്ഷ പാസായി ആലപ്പുഴ സ്വദേശി. പുന്നപ്ര താന്നിപ്പള്ളിച്ചിറ ഹൗസിൽ താമസിക്കുന്ന പിഡി ഗോപിദാസ് ആണ് സാക്ഷരതാ മിഷന് കീഴിൽ 12ആം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ ഗോപിദാസ് പിന്നീട് സാക്ഷരതാ മിഷന് കീഴിലാണ് പഠനം തുടർന്നത്. നേരത്തെ, ഏഴാം ക്ലാസ്, പത്താം ക്ലാസ് തുല്യതാ പരീക്ഷകളും ഗോപിദാസ് പാസായിരുന്നു.
പറവൂർ ഹൈ സ്കൂളിലാണ് ഗോപിദാസ് പഠനം ആരംഭിച്ചത്. നാലാം ക്ലാസിന് ശേഷം പൂന്തോട്ടം സെൻ്റ് ജോസഫ് എൽപി സ്കൂളിൽ അഞ്ചാം ക്ലാസ് പൂർത്തിയാക്കി. 1958ലാണ് ഗോപിദാസ് അഞ്ചാം ക്ലാസ് പഠനം പൂർത്തിയാക്കിയത്. ആറാം ക്ലാസിൽ ചേർന്നെങ്കിലും ഗോപിദാസ് വൈകാതെ പഠനം അവസാനിപ്പിച്ചു. ആ സമയത്ത് തനിക്ക് പഠിക്കാൻ താത്പര്യമില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വീട്ടിൽ സാമ്പത്തികപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. പഠനം നിർത്തിയത് തൻ്റെ പ്രശ്നമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Woman Injured: വേടന്റെ ഷോ കാണാനെത്തി, വീട്ടമ്മയുടെ കൈ ഒടിച്ചു; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ റിമാൻഡിൽ
പഠനം നിർത്തിയതിന് ശേഷം ഗോപിദാസ് ഏറെക്കാലം ബീഡി തെറുപ്പുകാരനായി ജോലിചെയ്തു. പിന്നീട് കയർ ഫാക്ടറി തൊഴിലാളിയായും സെക്യൂരിറ്റി ഗാർഡായും തൊഴിലെടുത്തു. പിന്നീട് സാക്ഷരതാമിഷനെപ്പറ്റി അറിഞ്ഞ ഗോപിദാസ് പഠനം തുടരാൻ ശ്രമിക്കുകയായിരുന്നു. 2020ൽ പത്താം ക്ലാസ് പാസായ അദ്ദേഹം പിന്നീട് 11, 12 ക്ലാസുകളും പാസായി. ഇതിനിടയിൽ ഒരു വർഷം ആരോഗ്യപ്രശ്നങ്ങൾ മൂലം നഷ്ടപ്പെട്ടു.
പഠനം നിർത്തിയെങ്കിലും താൻ വായിക്കാറുണ്ടായിരുന്നു എന്ന് ഗോപിദാസ് പറഞ്ഞു. അതുകൊണ്ട് വീണ്ടും പഠനം തുടരുകയെന്നത് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഒരു ദിവസം രണ്ട് മണിക്കൂർ പഠിച്ചിരുന്നു. ഇംഗ്ലീഷായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. ചെറുമക്കൾക്കൊപ്പം പഠിക്കുമായിരുന്നു. അധ്യാപകരടക്കം പലരും തന്നോട് പഠനം തുടരാൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമാണ് പ്രശ്നം. എല്ലാം നന്നായി പോയാൽ ബിരുദം പൂർത്തിയാക്കി താൻ അഭിഭാഷകനാവും എന്നും ഗോപിദാസ് പറഞ്ഞു.