Narendra Modi: ‘മാറാത്തത് ഇനി മാറും! കേരളത്തെ കാത്തിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍; സ്വര്‍ണം കട്ടവരെല്ലാം ജയിലിലാകും’
PM Modi on Sabarimala Gold Theft Case: എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. തെരുവ് കച്ചവടക്കാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമാകുന്ന ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: കേരളത്തില്‍ ഇനി മാറ്റത്തിന്റെ നാളുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറാത്തത് ഇനി മാറും എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു മോദി തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ബിജെപിക്ക് സേവനം നല്‍കാനുള്ള അവസരം തിരുവനന്തപുരത്തെ ജനങ്ങള്‍ നല്‍കിയെന്നും ആ വിജയത്തിന്റെ സന്തോഷം രാജ്യത്തൊന്നാകെ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. തെരുവ് കച്ചവടക്കാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമാകുന്ന ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. അക്കൂട്ടത്തിലൊരു പദ്ധതിയാണ് ഇന്നിപ്പോള്‍ ഇവിടെ വെച്ച് ഉദ്ഘാടനം ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിക്കൊണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തന വീര്യം വര്‍ധിപ്പിച്ചു. ഇന്ന് ധാരാളം കപ്പലുകളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ഇതെല്ലാം ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിന് 14,000 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും വിഭാവനം ചെയ്തു.
സഹകരണ ബാങ്കില്‍ നടന്ന അഴിമതി വഴി നഷ്ടപ്പെട്ടിരിക്കുന്നത് സാധാരണക്കാരുടെ പണമാണ്. അതെടുത്തവര്‍ക്ക് കനത്ത ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. ബിജെപിക്ക് ഭരിക്കാന്‍ ഒരവസരം ലഭിക്കുകയാണെങ്കില്‍ പണം മോഷ്ടിച്ചവരില്‍ നിന്ന് തന്നെ അത് ഈടാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രി വേദിയില്‍ സംസാരിച്ചു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലഭിച്ച അവസരം ഭരിക്കുന്നവര്‍ പാഴാക്കിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ബിജെപിക്ക് ഭരണം നടത്താന്‍ അവസരം ലഭിച്ചാല്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തും. തെറ്റ് ചെയ്തവരെയെല്ലാം ജയിലില്‍ ആക്കും, ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, മുസ്ലി ലീഗ് പാര്‍ട്ടികള്‍ക്കെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നങ്ങള്‍ രണ്ടാണെങ്കില്‍ അവരുടെ അജണ്ട ഒന്ന് തന്നെയാണ്. കോണ്‍ഗ്രസ് മാവോയിസ്റ്റുകളേക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകളും, മുസ്ലിം ലീഗിനേക്കാള്‍ വര്‍ഗീയത ഉള്ളവരുമായി മാറിയെന്നും മോദി പരിഹസിച്ചു. കേരളത്തില്‍ മാറ്റം കൊണ്ടുവരാനുള്ള സമയമാണിതെന്നും അതിനാല്‍ ബിജെപിക്കൊപ്പം നില്‍ക്കണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.