PM Modi: ‘തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; ജനം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു’
PM Modi expresses happiness over NDA's victory in Thiruvananthapuram Corporation: തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ നേടിയ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകരോടും നന്ദി അറിയിക്കുന്നുവെന്ന് മോദി
ന്യൂഡല്‍ഹി: തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ നേടിയ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകരോടും നന്ദി അറിയിക്കുന്നുവെന്ന് മോദി പറഞ്ഞു. കേരളത്തില്‍ തലമുറകളായി പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും അനുസ്മരിക്കുന്ന ദിവസമാണ് ഇന്ന്. കാര്യകർത്താക്കളാണ് ശക്തി. അവരിൽ അഭിമാനിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
തിരുവനന്തപുരത്തിന് നന്ദി. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ സഖ്യം നേടിയ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.
”ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ‘ജീവിതം എളുപ്പമാക്കുന്നതിനും’ ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎയ്ക്കും വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങൾക്ക് എന്റെ നന്ദി”, മോദി പറഞ്ഞു.
കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു. നല്ല ഭരണം നൽകാനും എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു ഓപ്ഷൻ എൻഡിഎ ആണെന്ന് കേരള ജനത കാണുന്നുവെന്നും മോദി പറഞ്ഞു.
My gratitude to the people across Kerala who voted for BJP and NDA candidates in the local body polls in the state. Kerala is fed up of UDF and LDF. They see NDA as the only option that can deliver on good governance and build a #VikasitaKeralam with opportunities for all.
— Narendra Modi (@narendramodi) December 13, 2025
ഐതിഹാസിക ജയം
മാറാത്തത് മാറും എന്ന മുദ്രാവാക്യവുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എന്‍ഡിഎ തിരുവനന്തപുരം കോര്‍പറേഷനില്‍ ചരിത്രജയമാണ് സ്വന്തമാക്കിയത്. 50 വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്. എല്‍ഡിഎഫ് 29 സീറ്റില്‍ വിജയിച്ച് രണ്ടാമതായി. 19 സീറ്റിലാണ് യുഡിഎഫ് ജയം.