POCSO Case: 18ാം വയസിൽ വിവാഹം കഴിഞ്ഞ അനാഥാലയത്തിലെ അന്തേവാസി ഏഴാം മാസം പ്രസവിച്ചു; പോക്‌സോ കേസ്
POCSO case: പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായി രണ്ടാഴ്ച പിന്നിട്ടപ്പോഴായിരുന്നു വിവാഹം. ഇത് കണക്കാക്കുമ്പോൾ പതിനെട്ട് വയസ് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് വ്യക്തം.
പത്തനംതിട്ട: അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോക്സോ കേസ്. പ്രായപൂർത്തിയാകും മുമ്പ് ഗർഭിണിയായെന്ന ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ടിന്മേലാണ് നടപടി. ആരെയും പ്രതി ചേർത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23-നായിരുന്നു യുവതിയുടെ വിവാഹം. പതിനെട്ട് വയസ് പൂർത്തിയായിരുന്നു. അനാഥാലയ നടത്തിപ്പുകാരിൽ ഒരാളാണ് യുവതിയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏഴ് മാസങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് യുവതി കുഞ്ഞിന് ജന്മം നല്‍കി.
പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായി രണ്ടാഴ്ച പിന്നിട്ടപ്പോഴായിരുന്നു വിവാഹം. ഇത് കണക്കാക്കുമ്പോൾ പതിനെട്ട് വയസ് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് വ്യക്തം. അനാഥാലയത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ഡിഡബ്ല്യുസി നൽകിയ റിപ്പോർട്ട് കണക്കിലെടുത്ത് യുവതിയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം പ്രായപൂര്‍ത്തിയായ ശേഷമുണ്ടായ ബന്ധത്തിലാണ് ഗർഭിണിയായതെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് ജനിച്ചത് ഏഴാം മാസത്തിലാണെന്നും യുവതി പറയുന്നു. അതിനാൽ, കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച, പിറന്ന ദിവസം എന്നിവ വെച്ച് ഗര്‍ഭധാരണത്തിന്റെ കാലയളവ് ശാസ്ത്രീയമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയതെന്നാണ് സിഡബ്ല്യുസി റിപ്പോർട്ട്.