POCSO Case: പിതാവിന്റെ സുഹൃത്തെന്ന് വിശ്വസിപ്പിച്ചു; പത്താം ക്ലാസുകാരിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
POCSO Case Against Security Employee in Thiruvananthapuram: തിരുവനന്തപുരത്തെ പള്ളിത്തുറയിൽ വെച്ച് സ്‌കൂളിൽ പോവുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം വെടിവച്ചാൻ കോവിൽ സ്വദേശി സദ്ദാം ഹുസൈൻ എന്ന 34 കാരനാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളിയിൽ നിന്നും തുമ്പ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. നാലാഞ്ചിറ മാർ ഇവാനിയസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സദ്ദാം ഹുസൈൻ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരത്തെ പള്ളിത്തുറയിൽ വെച്ച് സ്‌കൂളിൽ പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി സ്‌കൂളിൽ പോകാനായി എട്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ അനുജനുമൊത്ത് നിൽക്കവേ, ബൈക്കിൽ എത്തിയ സദ്ദാം ഹുസൈൻ സ്‌കൂളിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറാൻ കുട്ടികളെ നിർബന്ധിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഇതിന് മുൻപും പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.
ALSO READ: ജോലിയില്ലാത്തതിന് പീഡനം; മലപ്പുറത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
രണ്ട് കുട്ടികളും ആദ്യം ഇയാളുടെ ബൈക്കിൽ കയറാൻ വിസമ്മതിച്ചിരുന്നു. ഇതോടെ പിതാവിന്റെ സുഹൃത്താണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരെ വണ്ടിയിൽ കയറ്റി കൊണ്ട് പോയത്. സ്‌കൂളിന് മുന്നിൽ അനുജനെ ഇറക്കിയ ശേഷം ചോക്ലേറ്റ് വാങ്ങാൻ എന്ന് പറഞ്ഞ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. ശേഷം ഇടറോഡിൽ ബൈക്ക് നിർത്തി പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പിന്നീട് സ്‌കൂളിൽ മടങ്ങിയെത്തിയ പെൺകുട്ടിക്ക് നെഞ്ചിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി സംഭവം പുറത്ത് പറയുന്നത്.