President Droupadi Murmu’s Kerala Visit: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ; ഉച്ചയ്ക്ക് ഡൽഹിയിലേക്കു തിരിക്കും
President Droupadi Murmu's Kochi Visit: കോട്ടയത്തുനിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന രാഷ്ട്രപതിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും. ഇവിടെ നിന്ന് റോഡ് മാർഗം 11.55നു കോളജിലെത്തും.
കൊച്ചി: നാലുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കൊച്ചിയിൽ. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വേണ്ടിയാണ് രാഷ്ട്രപതി എത്തുന്നത്. കോട്ടയത്തുനിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന രാഷ്ട്രപതിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും. ഇവിടെ നിന്ന് റോഡ് മാർഗം 11.55നു കോളജിലെത്തും.
ഇവിടെ നിന്ന് ചടങ്ങിന് ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും. അതേസമയം കഴിഞ്ഞ ദിവസം ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലാണു രാഷ്ട്രപതി താമസിച്ചത്. രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അയ്യപ്പവിഗ്രഹവും രാജ്ഭവന്റെ ചിത്രമുള്ള ഉപഹാരവും സമ്മാനിച്ചിരുന്നു.
Also Read:രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനം; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം
രാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നേവൽബേസ് – തേവര- എംജി റോഡ്- ജോസ് ജംഗ്ഷൻ – ബിടിഎച്ച് -പാർക്ക് അവന്യൂ റോഡ്- മേനക – ഷൺമുഖം റോഡ്- എന്നീ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉള്ളത്.
പാർക്കിംങ് നിയന്ത്രണം
രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട് . ഇന്ന് കൊച്ചി സിറ്റി പരിധിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.