Pulikali Celebration: 41 ദിവസത്തെ ഉപവാസം, തലവൻ കരിമ്പുലി; തൃശ്ശൂർ പിടിച്ച സന്തോഷ ‘പുലിവാൽ’, കഥ ഇങ്ങനെ….
Pulikali 2025 in Thrissur: അരമണി കിലുക്കി, കുടവയറിളക്കി, അസുരവാദ്യത്തിലെ പുലിത്താളമിട്ട് ഒമ്പത് സംഘങ്ങളാണ് നാളെ എംജി റോഡ് വഴി സ്വരാജ് റൗണ്ടിന് ചുറ്റും കളിക്കിറങ്ങുന്നത്.

Pulikali
തൃശ്ശൂർ നഗരം പുലിലഹരിയിൽ. അരമണി കിലുക്കി, കുടവയറിളക്കി, അസുരവാദ്യത്തിലെ പുലിത്താളമിട്ട് ഒമ്പത് സംഘങ്ങളാണ് നാളെ എംജി റോഡ് വഴി സ്വരാജ് റൗണ്ടിന് ചുറ്റും കളിക്കിറങ്ങുന്നത്. ഓണാഘോഷത്തിന്റെ ഏറ്റവും അവസാന ദിവസം നടക്കുന്ന പുലികളി ആഘോഷത്തെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞാലോ…
പുലികളി പിറവി
ഓണാഘോഷത്തിന്റെ ഏറ്റവും അവസാന ദിവസം നടക്കുന്ന ആഘോഷമാണ് പുലികളി. പുലിയും ശിക്കാരിയുമായുള്ള കളിയാണ് പിന്നീട് പുലികളിയായി മാറിയത്. പുലികളിക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ശക്തൻ തമ്പുരാനാണ് പുലിക്കളിക്ക് പിന്നിലെന്ന് ഒരുകൂട്ടരും, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം തൃശൂരിൽ പ്രവർത്തിച്ചിരുന്ന പട്ടാള ക്യാമ്പിലാണ് പുലിക്കളിയുടെ ആരംഭമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ആദ്യ കാലങ്ങളിൽ ആളുകൾ വ്രതം നോക്കിയാണ് പുലിക്കളിക്ക് ഇറങ്ങിയിരുന്നത്. കര്‍ക്കടകം ഒന്നിനു തുടങ്ങി നാലാം ഓണം വരെ 41 ദിവസം വ്രതമനുഷ്ഠിച്ചാണ് പുലിക്കളിക്കാര്‍ ശരീരത്തില്‍ ചായം തേക്കുക.
പുലിവേഷം
ചീറ്റപ്പുലി, വരയൻപുലി, കരിമ്പുലി, കടുവപ്പുലി, പുള്ളിപ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി തുടങ്ങി വിവിധ പുലികളെ നിരത്തിൽ കാണാം. ഇവരിൽ തലവൻ കരിമ്പുലി ആയിരിക്കും. തലവൻ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പുലിവേഷം കെട്ടുന്ന എല്ലാവരും കളിക്കാൻ തയാറാകുന്നു. പുലിക്കളിക്ക് വേഷം കെട്ടുന്നതും അഴിക്കുന്നതും വളരെ പ്രാധാന്യമേറിയത്. പുലികൾ ഇറങ്ങുന്നതിന് തലേദിവസം തന്നെ അതിന്റെ ഒരുക്കങ്ങൾ ആരംഭിക്കും.
ആദ്യം ശരീരത്തിലെ മുഴുവൻ രോമങ്ങളും വടിച്ചുകളയും. ഓരോ തവണ പെയിന്റ് അടിക്കുവാൻ വേണ്ടി രണ്ട് വടി പിടിച്ച് നിൽക്കും. കടും മഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക. പുള്ളിപ്പുലി വരയ്ക്കുമ്പോള്‍ പിന്‍ഭാഗത്ത് നിന്ന് വലിയ പുള്ളിയില്‍ തുടങ്ങി വയറിലെത്തുമ്പോള്‍ ചെറുതായി വരയ്ക്കണം. വരയന്‍ പുലി അഥവാ കടുവയ്ക്ക് പട്ട വര മുതല്‍ സീബ്ര ലൈന്‍ വരെ എന്നിങ്ങനെ ആറു തരം വരകള്‍ വേണം. മണ്ണെണ്ണ ഉപയോഗിച്ചാണ് പെയിന്റ് കഴുകി കളയുക.
പുലികളിയുടെ താളം
ഉടുക്കിന്റെയും തകിലിന്റെയും താളത്തിനനുസരിച്ചാണ് പണ്ടൊക്കെ പുലികളിറങ്ങുന്നത്. എന്നാൽ ഇന്ന് പുലികൾ ചെട്ടിക്കൊട്ട് എന്ന ചെണ്ടത്താളത്തിനനുസരിച്ചാണ് ചുവടുവയ്ക്കുന്നത്. 70 വര്‍ഷം മുമ്പ് തോട്ടുങ്കല്‍ രാമന്‍കുട്ടി ആശാനാണ് പുലിമേളം എന്ന പ്രത്യേക താളക്കൊട്ട് ചിട്ടപ്പെടുത്തിയത്. തൃശ്ശൂരിലെ പുലികളിക്കല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് ഉപയോഗിക്കാറില്ല.