Rahul Easwar: ദോശയും ചമ്മന്തിയും കഴിച്ച് നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍; നിലപാടുകളില്‍ നിന്നു ‘യു ടേണ്‍’
Rahul Easwar Ends Hunger Strike: രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം അവസാനിപ്പിച്ചു. രാഹുല്‍ ഈശ്വറെ മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലിലേക്ക് മാറ്റി

Rahul Easwar
തിരുവനന്തപുരം: നിലപാടുകളില്‍ നിന്ന് യുടേണടിച്ച് രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ നിരാഹാര സമരം അവസാനിപ്പിച്ചു. രാഹുല്‍ ഈശ്വറെ മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലിലേക്ക് മാറ്റി. സെല്ലില്‍ വച്ച് വിശക്കുന്നുണ്ടെന്ന് രാഹുല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി. ഇത് കഴിച്ചാണ് രാഹുല്‍ നിരാഹാര സമരം അവസാനിപ്പിച്ചത്. ഏഴ് മണിയോടെയാണ് രാഹുല്‍ നിരാഹാര സമരം അവസാനിപ്പിച്ചത്.
അതിജീവിതയെ അധിക്ഷേപിച്ച കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. രാഹുലിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ ശ്രമം. കസ്റ്റഡി അപേക്ഷ നാളെ നല്‍കുമെന്നാണ് വിവരം.
അറസ്റ്റിലായതിന് ശേഷം രാഹുല്‍ നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യം മോശമായതോടെയാണഅ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയത്. എന്നാല്‍ രാഹുല്‍ അവിടെയും നിരാഹാര സമരം തുടര്‍ന്നു. കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയതോടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ രാഹുല്‍ തയ്യാറാവുകയായിരുന്നു.
അതിജീവിതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്നാണ് രാഹുലിന്റെ പുതിയ നിലപാട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ഈ പോസ്റ്റുകളെല്ലാം നീക്കം ചെയ്യാമെന്ന് രാഹുല്‍ കോടതിയെ അറിയിച്ചു. ഏഴ് ദിവസമായി രാഹുല്‍ ജയിലിലാണ്.
Also Read: Rahul Easwar: പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല
അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുലിന്റെ വാദം. എംഎല്‍എയ്‌ക്കെതിരായ കേസിന്റെ എഫ്‌ഐആര്‍ വീഡിയോയില്‍ വാദിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മോശപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ശേഷം പിന്‍വലിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ?
തുടര്‍ച്ചയായ 11-ാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റു തടഞ്ഞത് രാഹുലിന് താല്‍ക്കാലിക ആശ്വാസമാണ്. എന്നാല്‍ രണ്ടാം കേസില്‍ അറസ്റ്റ് തടയാത്തത് തിരിച്ചടിയായി. രാഹുലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.