രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
Rahul Mamkootathil: ഹാജരാകണം എന്നറിയിച്ച് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് രാഹുൽ പറയുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു.
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണം എന്നറിയിച്ച് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് രാഹുൽ പറയുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു.
അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുലിന്‍റെ നിലപാട്. അതേസമയം നാളെ തിരുവനന്തപുരത്ത് പോകാനുള്ള തയ്യാറെടുപ്പിനായി ഇന്നലെ തന്നെ പാലക്കാട് നിന്ന് അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിലെത്തിയിരുന്നു. വീടിന് പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണമുണ്ട്.
അതേസമയം രാഹുലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതിലൊന്ന് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ്. ഈ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു നിർദ്ദേശിച്ചിരുന്നു. ഇതിൽ ഇന്ന് വിശദമായ വാദം നടക്കും.
ബംഗളൂരുവിൽ താമസിക്കുന്ന 23 കാരിയായ മലയാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് പരിഗണിക്കുന്നത്.