Rahul Mamkootathil: പത്താം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ കാണാമറയത്ത്; ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil Bail Application: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ച്ചയായ പത്താം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്. അന്വേഷണസംഘത്തിന് രാഹുലിനെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്. രാഹുല്‍ ബെംഗളൂരുവില്‍ ഉണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
അന്വേഷണസംഘം ഒളിസങ്കേതം കണ്ടുപിടിച്ച് എത്തുമ്പോഴേക്കും രാഹുല്‍ അവിടെ നിന്ന് കടന്നുകളയുന്നതാണ് പതിവ്. പൊലീസില്‍ നിന്ന് രാഹുലിന് വിവരങ്ങള്‍ ചോര്‍ന്ന് ലഭിക്കുന്നുണ്ടോയെന്നും സംശയം ശക്തമാണ്. പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായതെന്നാണ് രാഹുലിന്റെ വാദം.
രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ അന്വേഷണസംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. മൊഴി നല്‍കാമെന്ന് യുവതി അന്വേഷണസംഘത്തെ അറിയിച്ചു. അതിനിടെ രാഹുലിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും, ഡ്രൈവറെയും ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ഇരുവരും രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടയച്ചത്.
Also Read: Rahul Eswar: ആരോഗ്യനില മോശം; രാഹുൽ ഈശ്വർ മെഡിക്കൽ കോളജ് ആശുപത്രിയിൽ
രാഹുല്‍ ഈശ്വര്‍ ആശുപത്രിയില്‍
അതേസമയം, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായതു മുതല്‍ ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍ ഈശ്വര്‍. അതിജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്.
ഒരേസമയം രണ്ട് കോടതികളില്‍ ജാമ്യഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ വാദം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും രാഹുല്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഇത് നിയമലംഘനമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ചെങ്കില്‍ മാത്രമേ വാദം കേള്‍ക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.