Kerala SIR: എന്യുമറേഷൻ ഫോം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി
Kerala SIR Application: കേരളത്തിലെ എസ്ഐആർ തടയാതെയുള്ള ഉത്തരവാണ് സുപ്രീം കോടതി മുമ്പ് പുറപ്പെടുവിച്ചത്. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ (Kerala SIR) നടപടികൾ നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ അറിയിച്ചു. തുടർന്ന് ഡിസംബർ 21ന് അന്തിമ പട്ടികയും 23ന് കരട് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കേരളത്തിലെ എസ്ഐആർ തടയാതെയുള്ള ഉത്തരവാണ് സുപ്രീം കോടതി മുമ്പ് പുറപ്പെടുവിച്ചത്. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ജീവനക്കാരെ കൂടുതൽ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.
ALSO READ: പത്താം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ കാണാമറയത്ത്; ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എസ്ഐആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ 88 ശതമാനം പൂർത്തിയായിട്ടുണ്ട്. കൂടാതെ എസ്ഐആർ നടപടികളുടെ സമയപരിധി നീട്ടി നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നടപടികൾ നീട്ടിവയ്ക്കണമെന്ന് കേരള ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.