Rahul Mamkootathil: അതിവേഗ നീക്കം! രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകി രാഹുൽ
Rahul Mamkootathil Latest Update: പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത് ജാമ്യഹർജി നൽകിയിരിക്കുന്നത്. ഹർജി ഇന്നു തന്നെ പരിഗണിക്കുമെന്നാണ് വിവരം.

Rahul Mamkootathil
തിരുവനന്തപുരം: അതിവേഗ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രണ്ടാമത്തെ കേസിലും ഹർജി നൽകിയിരിക്കുകയാണ് രാഹുൽ. ബെംഗളൂരുവിൽനിന്നുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഇന്നു തന്നെ പരിഗണിക്കുമെന്നാണ് വിവരം.
പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത് ജാമ്യഹർജി നൽകിയിരിക്കുന്നത്. ആദ്യകേസിൽ അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസിൽ രാഹുലിനെ പിടിമുറുക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുമ്പോഴാണ് രാഹുൽ അടുത്ത ജാമ്യഹർജി നൽകിയിരിക്കുന്നത്.
ALSO READ: രാഹുൽ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം, അറസ്റ്റ് 15 വരെ തടഞ്ഞു
അതേസമയം ഈ മാസം 15 വരെയാണ് ആദ്യകേസിൽ രാഹുലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. 15 കേസ് വീണ്ടും കോടതി പരിഗണിക്കും. ബലാത്സംഗം ചെയ്തിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും രാഹുൽ കോടതിയിൽ പറഞ്ഞു.
ഗർഭഛിദ്രം നടത്താൻ താൻ നിർബന്ധിച്ചിട്ടില്ലെന്നും, കേസിൽ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും, താൻ അന്വേഷണവുമായി സഹകരിക്കാമെന്നും ഹർജിയിലൂടെ രാഹുൽ കോടതിയെ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി രാഹുൽ ഒളിവിൽ കഴിയുകയാണ്. രാഹുൽ എവിടെയാണെന്ന് കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ല. അറസ്റ്റ് താൽക്കാലികമായി തടഞ്ഞ പശ്ചാത്തലത്തിൽ രാഹുൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. എന്നാൽ രണ്ടാമത്തെ കേസിലെ വിധി കൂടെ വന്നാൽ മാത്രമെ ഇക്കാര്യത്തിൽ വ്യക്തവരുത്താൻ സാധിക്കു.