Railway Update: ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ; ഒക്ടോബറിൽ പലതവണ സർവീസ് നടത്തും
Bengaluru - Kollam Special Train: ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ്. പൂജ അവധി പരിഗണിച്ചാണ് പ്രഖ്യാപനം.
ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്. പൂജ അവധികളുമായി ബന്ധപ്പെട്ടാണ് കൊല്ലം – ബെംഗളൂരു റൂട്ടിൽ പ്രത്യേക സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്തുനിന്നും കൊല്ലത്തേക്കും സർവീസുണ്ട്. ഒക്ടോബറിൽ ട്രെയിൻ പലതവണ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഒക്ടോബറിലെ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് സർവീസ്. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ നമ്പർ 06219 ഒക്ടോബർ 4, 11, 18 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സർവീസ് ആരംഭിക്കും. ഇത് ശനിയാഴ്ചകളാണ്. പിറ്റേന്ന് രാവിലെ 6.20ഓടെ ട്രെയിൻ കൊല്ലത്തെത്തും.
തിരികെ കൊല്ലത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസുകൾ ഒക്ടോബർ 5, 12, 19 തീയതികളിൽ, ഞായറാഴ്ചകളിലാണ്. 06220 ആണ് ട്രെയിൻ നമ്പർ. രാവിലെ 10.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന സർവീസ് പിറ്റേദിവസം പുലർച്ചെ 3.30ന് ബെംഗളൂരുവിലെത്തും. ഈ രണ്ട് സർവീസുകൾക്കുമായുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് – കോട്ടയം വഴിയാണ് സർവീസുകൾ. തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നീ സ്റ്റേഷനുകളിലും ട്രെയിന് സ്റ്റോപ്പുകളുണ്ട്.