Ramesh Chennithala: ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്, അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

Ramesh Chennithala Remembers his Late Mother: രാഷ്ട്രീയം ഉപേക്ഷിക്കാത്തതിൻ്റെ പേരിൽ രോഷം പൂണ്ട അച്ഛൻ ഒരിക്കൽ തന്നെ മുറിയിൽ പൂട്ടിയിട്ടതും, ഒരു നുള്ള് വറ്റുപോലും കൊടുക്കരുതെന്ന് ആജ്ഞാപിച്ചതും ചെന്നിത്തല ഓർത്തെടുത്തു. രാത്രി വിശന്നു വലഞ്ഞിരുന്നപ്പോൾ, "ജനാലയ്ക്കരികിൽ ഒരു വളകിലുക്കം കേട്ടു. അമ്മയാണ്. പാത്രം നിറയെ ചോറും കറികളുമായി അമ്മ ജനാലയ്ക്കപ്പുറമുണ്ട്.

Ramesh Chennithala: ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്, അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

Ramesh Chennithala And His Mother

Updated On: 

23 Oct 2025 20:02 PM

തിരുവനന്തപുരം: മൂന്ന് ദിവസം മുമ്പ് അന്തരിച്ച തൻ്റെ അമ്മ ദേവകിയമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 91 വർഷം നീണ്ട അമ്മയുടെ സ്നേഹവും അനുഭവങ്ങളും ഓർത്തെടുക്കുന്ന കുറിപ്പിൽ, വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിൽ അമ്മ നൽകിയ പിന്തുണയും വാത്സല്യവുമാണ് പ്രധാനമായും നിറഞ്ഞുനിൽക്കുന്നത്.

‘അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാൻ ഉണരാൻ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു’ എന്ന് തുടങ്ങുന്ന കുറിപ്പിൽ, 91 വർഷത്തെ ആയുസ്സിൽ സ്നേഹം വിളമ്പി ഒരുപാട് പേരുടെ അമ്മയായിട്ടാണ് ദേവകിയമ്മ മടങ്ങിയതെങ്കിലും, “ഭൂമിയിലെ എൻ്റെ പൊക്കിൾക്കൊടിയാണ് വേർപെട്ടുപോയത് എന്ന വേദന” ഇടയ്ക്കിടെ ഇരച്ചു കയറുന്നുണ്ടെന്ന് ചെന്നിത്തല പറയുന്നു.

“കപ്പൽച്ചേതത്തിൽ പെട്ട നാവികൻ്റെ അവസാനത്തെ തുരുത്തു പോലെ ഒടുവിൽ വന്നണയാൻ ഒരിടം” ആയിരുന്നു അമ്മയെന്നും അദ്ദേഹം കുറിച്ചു. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലഘട്ടത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചുള്ള ഓർമ്മകൾ ചെന്നിത്തല പങ്കുവെച്ചു. സ്കൂളധ്യാപകനും മാനേജരുമായിരുന്ന വി. രാമകൃഷ്ണൻ നായർക്ക് മകൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇഷ്ടമല്ലായിരുന്നു.

പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് നഷ്ടപ്പെട്ടതിന് അച്ഛനും ബന്ധുക്കളും കുറ്റപ്പെടുത്തിയപ്പോൾ, “സാരമില്ല എന്ന മട്ടിൽ ഇടയ്ക്കിടെ അമ്മ വന്ന് ഒന്നു സ്പർശിക്കും. തലയിലൊന്നു തടവും. അത് മതിയായിരുന്നു,” എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. രാഷ്ട്രീയം ഉപേക്ഷിക്കാത്തതിൻ്റെ പേരിൽ രോഷം പൂണ്ട അച്ഛൻ ഒരിക്കൽ തന്നെ മുറിയിൽ പൂട്ടിയിട്ടതും, ഒരു നുള്ള് വറ്റുപോലും കൊടുക്കരുതെന്ന് ആജ്ഞാപിച്ചതും ചെന്നിത്തല ഓർത്തെടുത്തു. രാത്രി വിശന്നു വലഞ്ഞിരുന്നപ്പോൾ, “ജനാലയ്ക്കരികിൽ ഒരു വളകിലുക്കം കേട്ടു. അമ്മയാണ്. പാത്രം നിറയെ ചോറും കറികളുമായി അമ്മ ജനാലയ്ക്കപ്പുറമുണ്ട്.

അവിടെ നിന്ന് അമ്മ പാത്രത്തിൽ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു. അത് കഴിക്കുമ്പോൾ ഇരുട്ടത്ത് എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നും അദ്ദേഹം കുറിച്ചു. അച്ഛൻ വീട്ടിൽ കയറ്റരുതെന്ന ശാസിച്ചപ്പോഴും വൈകിയെത്തുന്ന മകന് വേണ്ടി അടുക്കള വാതിൽ തുറന്നു വെച്ചിരുന്നതും നാലഞ്ചു പേർക്കെങ്കിലുമുള്ള ഭക്ഷണം കരുതിയിരുന്നതും അമ്മയുടെ സ്നേഹത്തിൻ്റെ ആഴം വ്യക്തമാക്കുന്നു.

“ഓർക്കുമ്പോൾ ഇപ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അമ്മയറിയുന്നുണ്ടാകും……” എന്ന് കുറിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല തൻ്റെ വൈകാരികമായ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്