Kerala Jail Staff Reshuffle: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പിന്നാലെ വൻ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala Jail Staff Reshuffle: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു.
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചു പണി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ടിനെ കാസർഗോഡ് ജയിലിലേക്കാണ് മാറ്റിയത്. കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ടിനെ സെൻട്രൽ ജയിലിലേക്കും സ്ഥലം മാറ്റി. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു. ആഴ്ചകളായി ഈ രണ്ട് തസ്തികകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
തിരുവനന്തപുരം സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ജില്ലാ ജയിൽ സൂപ്രണ്ടാക്കി. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടാണ് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട്. കണ്ണൂർ സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിനെ സ്ഥാനക്കയറ്റത്തോടെ തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായും പാലക്കാട് ജില്ലാ ജയിൽ ഡപ്യൂട്ടി സൂപ്രണ്ടിനെ കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടായും നിയമിച്ചു.
ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ ജയിൽ വകുപ്പിന്‍റെ സിസ്റ്റം മുഴുവൻ തകരാറിലാണെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നതും സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നതുമെല്ലാം ഇത് വ്യക്തമാക്കുന്നു. രണ്ടുമണിക്കൂർ ഇടപെട്ട് സെൽ പരിശോധിക്കണമെന്ന ചട്ടം നടപ്പായിരുന്നില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.