Kannur Women Death: വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; യുവതിയെ തീ കൊളുത്തി സുഹൃത്ത്, സംഭവം കണ്ണൂരിൽ
Kannur Women Death Case: ഇരുവരും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. ജിജേഷിൻ്റെ സൗഹൃദം അതിര് കടന്നപ്പോഴാണ് പ്രവീണ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പ്രവീണയുടെ മൊബൈലും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
കണ്ണൂർ: വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യത്തിൽ കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. കാരപ്രത്ത് ഹൗസിൽ പ്രവീണയാണ് കൊല്ലപ്പെട്ടത്. പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് യുവതിയെ തീകൊളുത്തിയത്. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇരുവരും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. ജിജേഷിൻ്റെ സൗഹൃദം അതിര് കടന്നപ്പോഴാണ് പ്രവീണ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പ്രവീണയുടെ മൊബൈലും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. അതേസമയം, ജിജേഷിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രവീണയെ തീ കൊളുത്തുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിരുന്നു. നിലവിൽ ഇയാൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട പ്രവീണയുടെ മൃതദേഹം ഇന്നലെ വൈകിട്ട് സംസ്കരിച്ചു. കേസിനാസ്പദമായ സംഭവം നടക്കുന്നത് ബുധനാഴ്ച്ചയാണ്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിൽ അതിക്രമിച്ച് കയറിയാണ് പ്രവീണയെ തീ കൊളുത്തിയത്.
ജിജേഷ് കയ്യിൽ കരുതിയ പെട്രോൾ പ്രവീണയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരം പൂർണമായും പൊള്ളിയ നിലയിലായിരുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിക്കുന്നത്. വിദേശത്താണ് പ്രവീണയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട്.