Unnikrishnan Potti: ‘സ്വര്‍ണം ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കി’; സ്വർണപ്പാളി കേസിൽ പോറ്റിയുടെ നിര്‍ണായക മൊഴി
Unnikrishnan Potti's Statement in Sabarimala Gold Missing Case: ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും എന്നിങ്ങനെ രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.

Unnikrishnan Potti
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസിൽ നിര്‍ണായക മൊഴിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരിക്കുന്നത്. 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് വിവരം. സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം.
ഗൂഢാലോചനയില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും സ്വര്‍ണം അവർക്ക് വീതിച്ച് നല്‍കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് കല്‍പേഷ് വന്നതും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ആശ്രമത്തിലാണ് എസ്‌ഐടി.
ALSO READ: ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും
മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജനറല്‍ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രഹസ്യകേന്ദ്രത്തിലാണ് പോറ്റിയെ ചോദ്യം ചെയ്തത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും എന്നിങ്ങനെ രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി.