Sabarimala Gold Scam: സ്വര്‍ണ്ണക്കൊള്ള കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി ഇഡി; ജയറാം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
ED to question Jayaram in Sabarimala case: ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിനാണ് നോട്ടീസ് നല്‍കിയത്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടുന്നതിനാണ് സമൻസ്.
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിനാണ് ജയറാമിന് നോട്ടീസ് നല്‍കിയത്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടുന്നതിനാണ് ഇഡി താരത്തിന് സമൻസ് നല്‍കിയത്. ചെന്നൈയിലെ ജയറാമിന്റെ വീട്ടില്‍ ദ്വാരപാലക പാളികള്‍ എത്തിച്ചതിലടക്കം ഇഡിക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പരിചയത്തെ തുടര്‍ന്നാണ് ശബരിമലയിലെ വസ്തുക്കള്‍ വീട്ടില്‍ വച്ച് പൂജ നടത്തിയതെന്ന് ജയറാം നേരത്തെ പറഞ്ഞിരുന്നു. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സി ജയറാമില്‍ നിന്ന് തേടും.
Also Read: Global Ayyappa Sanghamam: 4100 ടിന്‍ അരവണയും അപ്പവും വെട്ടിപ്പ്! ആഗോള അയ്യപ്പ സംഗമവും മുതലാക്കി
നടനെ നേരത്തെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. സാക്ഷിയെന്ന് നിലയിലായിരുന്നു എസ്‌ഐടി ജയറാമിനെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇഡിയും താരത്തെ വിളിപ്പിച്ചത്. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാള്‍ എന്ന നിലയ്ക്കാണ് പോറ്റിയുമായുള്ള പരിചയം എന്ന് എസ്‌ഐടിക്ക് ജയറാം മൊഴി നല്‍കിയിരുന്നു. മകരവിളക്ക് സമയത്താണ് പരിചയപ്പെട്ടത്. ചെന്നൈയിലെ വീട്ടില്‍ പോറ്റി പലവട്ടം വന്നിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിയായിരുന്നു എസ്‌ഐടി മൊഴിയെടുത്തത്. ജയറാമിന്റെ വീട്ടില്‍ സ്വര്‍ണ്ണപ്പാളികള്‍ പൂജയ്ക്ക് വച്ചതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു രൂപയുടെ പണമിടപാട് പോലും നടന്നിട്ടില്ലെന്ന് ജയറാം എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു.