Sabarimala Gold Scam Case: ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം
Sabarimala Gold Scam Case: ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി.
സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.
Also Read:പത്മകുമാറിനെ കസ്റ്റഡിയില്‍ വേണം, എസ്‌ഐടിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും
അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വാങ്ങാനുള്ള എസ്ഐടിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളെക്കുറിച്ച് പരിശോധന നടത്തും.
ജയശ്രീയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
ശബരിമല സ്വർണപ്പാളി കേസ് നാലാം പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇന്നലെ ജയശ്രീയുടെ ഹർജി ഹൈക്കോടതി പരിഗണിച്ചെങ്കിലും കൂടുതൽ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.