Sabarimala Gold Theft Case: ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസ്; മുരാരി ബാബു റിമാന്‍ഡില്‍; കൂടുതല്‍ പേര്‍ അറസ്റ്റിലാകും?
Murari Babu remanded: മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുരാരി ബാബുവിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തതിന് ശേഷം വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി

മുരാരി ബാബു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണത്തട്ടിപ്പ് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുരാരി ബാബുവിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. 22ന് രാത്രി വൈകി പെരുന്നയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തതിന് ശേഷം വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
സ്വര്‍ണപാളി മോഷണക്കേസില്‍ ആറാം പ്രതിയാണ് മുരാരി ബാബു. ദ്വാരപാലക ശില്‍പപാളിയിലെ സ്വര്‍ണം മോഷണം പോയ കേസില്‍ ഇയാള്‍ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു. സ്വര്‍ണപാളി രേഖകളില്‍ ‘ചെമ്പ് പാളി’യാക്കിയത് മുരാരി ബാബുവായിരുന്നു.
തെറ്റായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചുകൊണ്ട് മുരാരി ബാബു ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒത്തുകളിച്ചെന്ന് എസ്‌ഐടി സംശയിക്കുന്നു. അതേസമയം, അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്തവരില്‍ പ്രധാന കണ്ണിയാണ് മുരാരി ബാബുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Also Read: Sabarimala Gold Scam: സ്വർണക്കൊള്ള കേസ്; മുരാരി ബാബു അറസ്റ്റില്‍
മുരാരി ബാബുവിനെ നേരത്തെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മുരാരി ബാബു. സ്വര്‍ണകവര്‍ച്ച കേസില്‍ ആദ്യമായാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ 29ന് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.